gdp

കൊച്ചി: ഇന്ത്യയെ 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം പൂവണിയാൻ സാദ്ധ്യത തീരെ വിരളം. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്കും രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ആറര വർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്കും കൂപ്പുകുത്തിയിരുന്നു.

2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറണമെങ്കിൽ ഇനിയുള്ള അഞ്ചുവർഷക്കാലം ഇന്ത്യ ശരാശരി 11-12 ശതമാനം വളരണം. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ നോക്കിയാൽ ഇതിന് സാദ്ധ്യതയില്ല. നിലവിലെ വളർച്ച പ്രകാരം അഞ്ചുലക്ഷം കോടി ‌ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം നേടാൻ പ്രതീക്ഷിച്ചതിനേക്കാൾ പത്തുവർഷമെങ്കിലും ഇന്ത്യയ്ക്ക് അധികം വേണ്ടിവരും.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ ഏറുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 1.7 ലക്ഷം കോടി ഡോളർ ആയിരുന്നു. ലോകത്തെ ഏറ്രവും വലിയ 11-ാമത്തെ സമ്പദ്‌വ്യവസ്ഥയായിരുന്നു അന്ന് ഇന്ത്യ. നിലവിൽ, ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജി.ഡി.പി 2.68ലക്ഷം കോടി ഡോളറാണ്. നിലവിലെ വളർച്ച കണക്കാക്കിയാൽ 2024ൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 3.49 ലക്ഷം കോടി ഡോളർ വരെ എത്താനാണ് സാദ്ധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രീതിയിലാണ് ഇന്ത്യൻ ജി.ഡി.പി വളർച്ചയെങ്കിൽ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമെന്ന നേട്ടം 2033-34ലേ സാദ്ധ്യമാകൂ.

മൂന്നാംപാദമായ ഒക്‌ടോബ‌ർ-ഡിസംബർ മുതൽ ജി.ഡി.പി വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് കേന്ദ്രസർക്കാരിനും ധനമന്ത്രി നിർമ്മല സീതാരാമനുമുള്ളത്. 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകുകയെന്ന ലക്ഷ്യം വെല്ലുവിളിയാണെങ്കിലും അത് അസാദ്ധ്യമല്ലെന്ന് നിർമ്മല സീതാരാമൻ പറയുന്നു. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയും ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിംഗ് പവർ) ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ലക്ഷ്യം നേടാനാകും. സ്ഥിരനിക്ഷേപ നിരക്ക് നിലവിലെ 29 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് ഉയർത്തുകയും വേണം.

കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക നടപടികളും ഗുണം ചെയ്യുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കോർപ്പറേറ്റ് നികുതി പത്തു ശതമാനം കുറച്ച് 25.17 ശതമാനമാക്കിയതും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തേജക നടപടികളുടെ ഗുണഫലം ഉടൻ ലഭിക്കില്ലെന്നും ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ജി.ഡി.പി 4.7 ശതമാനം വളരാനാണ് സാദ്ധ്യതയെന്നും പ്രമുഖ റേറ്രിംഗ് ഏജൻസിയായ ഇക്ര സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചാ നിർണയത്തിലെ 18 സൂചികകളിലും ഏഴും ഒക്‌ടോബറിൽ തളർച്ച നേരിട്ടു.

വാഹന ഉത്‌പാദനം, വൈദ്യുതി ഉപഭോഗം, ഡീസൽ ഉപഭോഗം, റെയിൽ ചരക്കുനീക്കം, തുറമുഖങ്ങളുടെ ചരക്കുനീക്കം എന്നിവയെല്ലാം ഇടിഞ്ഞത് മൂന്നാംപാദത്തിലും ജി.ഡി.പി തളരുമെന്നതിന്റെ സൂചനയാണെന്ന് ഇക്ര അഭിപ്രായപ്പെട്ടു.

ലക്ഷ്യം അസാദ്ധ്യമോ?

നടപ്പുവർഷം ഏപ്രിൽ-ജൂൺ പാദത്തിൽ അഞ്ചു ശതമാനവും ജൂലായ്-സെപ്‌തംബറിൽ 4.5 ശതമാനവുമാണ് ഇന്ത്യൻ ജി.ഡി.പി വളർന്നത്. ഇതേനിരക്കിലാണ് ഇന്ത്യ വളരുന്നതെങ്കിൽ 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകുകയെന്ന നരേന്ദ്ര മോദി സർക്കാരിന്റെ മോഹം പൂവണിയില്ല.

ഇന്ത്യയുടെ സഞ്ചാരം

ഇന്ത്യ അടുത്ത അഞ്ചുവർഷക്കാലം ശരാശരി 4.5 ശതമാനമാണ് വളരുന്നതെങ്കിൽ ജി.ഡി.പി മൂല്യം വരും വർഷങ്ങളിൽ ഇപ്രകാരമായിരിക്കും -

(മൂല്യം ലക്ഷം കോടിയിൽ)

2018-19 : $2.68

2019-20 : $2.80

2020-21 : $2.92

2021-22 : $3.06

2022-23 : $3.19

2023-24 : $3.34

2024-25 : $3.49

എന്നുകാണും ലക്ഷ്യം?

ഇന്ത്യ ശരാശരി 4.5 ശതമാനമാണ് വളരുന്നതെങ്കിൽ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം 2033-34ലേ സാദ്ധ്യമാകൂ. ആ വർഷം 5.18 ലക്ഷം കോടി ഡോളറിലേക്ക് ജി.ഡി.പി എത്തും.

12%

നരേന്ദ്ര മോദി സർക്കാർ പ്രതീക്ഷിക്കുന്നതുപോലെ 2024ൽ ഇന്ത്യ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ ആകണമെങ്കിൽ അടുത്ത അഞ്ചുവർഷക്കാലം ഇന്ത്യ ശരാശരി 11-12 ശതമാനം വളരണം. ഇതിന് സാദ്ധ്യതയില്ല. കഴിഞ്ഞ പാദത്തിൽ വളർച്ച 4.5 ശതമാനം മാത്രമായിരുന്നു!

''ഇന്ത്യയെ 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകുകയെന്ന ലക്ഷ്യം വെല്ലുവിളിയാണ്. എന്നാൽ, അത് അസാദ്ധ്യമല്ല. കൂടുതൽ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഈ ലക്ഷ്യം നേടാനാകും""

നിർമ്മല സീതാരാമൻ,

കേന്ദ്ര ധനമന്ത്രി

''ഇന്ത്യ 2024ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകും. ലോകത്തെ ഏറ്റവും വലിയ അഞ്ചു സമ്പദ്‌ശക്തികളിൽ ഒന്നായും ഇന്ത്യ മാറും. മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇതിന് സഹായകമാണ്""

അമിത് ഷാ,

കേന്ദ്ര ആഭ്യന്തര മന്ത്രി