തിരുവനന്തപുരം: ഇന്ത്യൻ സാമ്പത്തിക വളർച്ച കൂപ്പുകുത്തുകയാണ്. സാമ്പത്തിക മേഖലയിൽ നേട്ടമെന്ന് ഉന്നതർ വിളിച്ചു പറയുമ്പോഴും ആ അവകാശ വാദങ്ങളുടെ പെരുമ്പറക്കൊട്ടലുകളുടെ മുഴക്കം നന്നേ കുറയുകയാണ്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തരോൽപ്പാദനം ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞു. ഒടുവിൽ, സെപ്‌തംബർ രണ്ടിന് കേന്ദ്ര സ്ഥിതിവിവര കണക്ക് മന്ത്രാലയം പറയുന്ന കണക്കനുസരിച്ചുതന്നെ അടിസ്ഥാനവ്യവസായങ്ങളുടെ വളർച്ച വെറും 2.1 ശതമാനമായി കുത്തനെ താഴോട്ടുപോന്നു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയാണോ?
ഈ അവസരത്തിലാണ് രാജ്യത്ത് ഒരു മലയാള കാർട്ടൂൺ വെെറലായിക്കൊണ്ടിരിക്കുന്നത്. മോദി സർക്കാരും മൻമോഹൻ സിംഗ് സർക്കാരും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതി താരതമ്യപ്പെടുത്തുന്ന കാർട്ടൂണാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 2018 മേയ് എട്ടിന് കേരള കൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച "പഴയ ഹോട്ടൽ പുതിയ കുക്ക്" എന്ന കാർട്ടൂണാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ വന്ന പുതിയ സാഹചര്യത്തിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ദേശീയതലത്തിൽ വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത്.
മലയാളത്തിലെ ചില പ്രമുഖപത്രങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചു. കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റെ പേര് നീക്കം ചെയ്താണ് കാർട്ടൂണിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രചരിക്കുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകാൻ സമ്പദ്മേഖലതന്നെ വിറ്റുതുലയ്ക്കുകയാണ് കേന്ദ്ര സർക്കാർ. നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ സാമ്പത്തിക നില തകരുന്ന അവസ്ഥയാണ് കാർട്ടൂണിൽ വ്യക്തമാക്കുന്നത്.
ഈയടുത്ത് റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ എടുത്തിരുന്നു. റിസർവ് ബാങ്കിന്റെ തുക കേന്ദ്രസർക്കാർ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് ഇത് ഉപകരിക്കില്ലെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക നില ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ് കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. ഈയാഴ്ച രാജ്യസഭയിൽ നിർമലാ സീതാരാമന്റെ പ്രസംഗം 40 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയതിൽ അത്ഭുതമില്ല. മന്ത്രിമാർ കസേരകളിൽ ഇരുന്നു ഉറങ്ങി. ജി.ഡി.പി വളര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് നിര്‍മല സീതാരാമന്‍ ന്യായങ്ങള്‍ നിരത്തുമ്പോഴായിരുന്നു സഭയിലിരുന്ന് സഹപ്രവര്‍ത്തകര്‍ ഉറങ്ങിയത്.