കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടന്റെ സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവർത്തികളും നിർത്തിവയ്ക്കാൻ ഉള്ള തീരുമാനം നിർമാതാക്കളുടെ സംഘടന ഉപേക്ഷിക്കണമെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ. ഷെയ്‌നിനെ തിരുത്താനുള്ള ഉത്തരവാദിത്തം നിർമ്മാതാക്കൾക്കും സംവിധായകർക്കുമുണ്ടെന്നും സംഘടന പറഞ്ഞു. ഷെയ്‌നും നിർമാതാക്കളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം ഒത്തുതീർപ്പാക്കണം എന്നതാണ് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നിലപാട്. ഇക്കാര്യമാണ് ഫെഫ്ക ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ഡയറക്‌ടേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെയ്ൻ നായകനാകുന്ന വെയിൽ, ഖുർബാനി എന്നീ രണ്ടു ചിത്രങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം, ഈ ചിത്രങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനം ശരിയല്ല. ഷെയ്ൻ നിഗത്തിന്റെ ഭാഗത്തുനിന്നും പ്രൊഫഷണൽ മര്യാദകേടുണ്ടായി എന്നിങ്ങനെയാണ് കത്തിൽ ഡയറക്‌ടേഴ്‌സ് യൂണിയൻ പറയുന്നത്. നടനെ തിരുത്താൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും ബാദ്ധ്യതയുണ്ടെന്നും നടനെ സിനിമാ വ്യവസായത്തിന് അനുകൂലമായി പരുവപ്പെടുത്തി എടുക്കേണ്ട ബാദ്ധ്യത നിർമ്മാതാക്കൾക്കും സംവിധായകർക്കുമാണെന്നും ഡയറക്‌ടേഴ്‌സ് യൂണിയൻ ഫെഫ്കയ്ക്ക് നൽകിയ കത്തിൽ പറയുന്നു.
അതിനുള്ള അവസരം നടന് ഒരുക്കണം എന്നും ഈ ഒരു സാഹചര്യത്തിൽ സമവായ ചർച്ചകൾ വേണമെന്നും കത്തിൽ പറയുന്നു. ഡയറക്‌ടേഴ്‌സ് യൂണിയന്റെ കത്ത് ലഭിച്ച സാഹചര്യത്തിൽ ഫെഫ്ക തിങ്കളാഴ്‌ച എ.എം.എം.എയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകും. എത്രയും വേഗം യോഗം വിളിച്ച് ചർച്ചകൾ നടത്തണം എന്നായിരിക്കും ഈ കത്തുകളിൽ ഫെഫ്ക ആവശ്യപ്പെടുക. സമവായ ചർച്ചകൾ ഈ മാസം അഞ്ചിന് നടക്കാനാണ് സാദ്ധ്യത. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ൻ നാലാം തീയതിയാണ് മടങ്ങിയെത്തുക.