s-presso

കൊച്ചി: രണ്ടുകോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയെന്ന നേട്ടം മാരുതി സുസുക്കി സ്വന്തമാക്കി. നാല് ദശാബ്‌ദത്തിന് താഴെ കാലയളവു കൊണ്ടാണ് ഇന്ത്യയിലെ ഏറ്രവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഈ നാഴികക്കല്ല് താണ്ടിയത്. ആദ്യ ഒരുകോടി ഉപഭോക്താക്കളെ സ്വന്തമാക്കാൻ 29 വർഷം വേണ്ടിവന്നുവെങ്കിൽ, തുടർന്നുള്ള ഒരുകോടി ഉപഭോക്താക്കളെ മാരുതി നേടിയത് വെറും എട്ടുവർഷം കൊണ്ടാണ്.

1983 ഡിസംബർ 14ന് മാരുതി 800 കാർ പുറത്തിറക്കിക്കൊണ്ടാണ് മാരുതി ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. ഇന്ന് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമേ സി.എൻ.ജി., സ്‌മാർട്ട് ഹൈബ്രിഡ് കാറുകളും മാരുതി സുസുക്കിക്കുണ്ട്. മാരുതിയുടെ ശ്രേണിയിലെ 70 ശതമാനം വാഹനങ്ങളും ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുശാസിക്കുന്നതാണ്. എട്ട് ആകർഷക മോഡലുകൾ ഈ നിരയിൽ മാരുതിക്കുണ്ട്. ഇതിനകം മാരുതി മൂന്നുലക്ഷം ബി.എസ്-6 എൻജിൻ വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചു. മാതൃകമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷനുമായി ചേർന്ന് ചെറുകിട ഇലക്‌ട്രിക് കാറുകളും വൈകാതെ മാരുതി അവതരിപ്പിക്കും.

നേട്ടക്കുതിപ്പ്

(വർഷവും ഉപഭോക്താക്കളുടെ എണ്ണവും)

1994-95 : 10 ലക്ഷം

2005-06 : 50 ലക്ഷം

2011-12 : 1 കോടി

2019-20 : 2 കോടി