തിരുവനന്തപുരം: ഏത് കാർഡ് എപ്പോഴാണ് ആവശ്യം വരികയെന്ന് പറയാൻ പറ്റാത്തതിനാൽ എ.ടി.എം കാർഡ‌് മുതൽ ലൈസൻസ് വരെ പേഴ്സിൽ കൊണ്ട് നടക്കുന്നവരാണ് നമ്മൾ. കാർഡുകൾ കാരണം പേഴ്സിൽ വേറൊന്നും വയ്ക്കാൻ ഇടമില്ലെന്ന് പരാതി പറയുന്നവരും ചുരുക്കമല്ല. ആ പരാതികൾ പരിഹരിക്കപ്പെടാൻ പോകുകയാണ്. എങ്ങനെയാണെന്നല്ലേ?
'ഒരു രാജ്യം ഒരു കാർഡ്' എന്നത് കേരളത്തിൽ യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സർക്കാരും ബാങ്കും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. എസ്.ബി.ഐ കാർഡ് രൂപകൽപന ചെയ്ത് ഇതിനോടകം തന്നെ സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. ഒരു ഭാഗം ഡ്രൈവിംഗ് ലൈസൻസ് പോലെയും മറുവശം എ.ടി.എം കാർഡ് പോലെയുമാണ്. എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, മെട്രോ ബസിൽ ടിക്കറ്റെടുക്കൽ ഉൾപ്പെടെയുള്ള സർക്കാർ അംഗീകരിക്കുന്ന സേവനങ്ങൾ ഈ കാർഡ് വഴി ലഭ്യമാക്കും.
സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഇത് ഉപഭോക്താക്കൾക്ക് നൽകുമെന്ന് എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് പറഞ്ഞു. ഒരു രാജ്യം ഒറ്റ കാർഡ് എന്ന ആശയം മുന്നോട്ട് വച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നാഷണൽ കോമൺ മൊബിലിറ്റി കാർഡിന് നേരത്തെ രൂപം നൽകിയിരുന്നു. പാർലമെന്റിൽ എം.പിമാർക്കും, നാഗ്പൂർ, നാസിക് മെട്രോകളിലും എസ്.ബി.ഐ ഇത്തരം കാർഡുകൾ നൽകിയിരുന്നു.