മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഇവരുടെ കുടുംബത്തിലെ ഏത് ആഘോഷവും ആരാധകരും ഏറ്റെടുക്കാറുണ്ട്. താരകുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. മക്കളായ അഹാനയും ഹൻസികയും ഇതിനോടകം സിനിമയിലെത്തിക്കഴിഞ്ഞു. ഇപ്പൊഴിതാ നടി അഹാനയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സിന്ധു കൃഷ്ണകുമാര്‍ എഴുതിയ ഡയറിക്കുറിപ്പാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നത്. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് കുറിപ്പ്. നടിതന്നെയാണ് ഡയറിക്കുറിപ്പിന്റെ ചിത്രം പങ്കുവച്ചത്.
ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് അഹാന ഡയറിക്കുറിപ്പിനെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയിരിക്കുന്നത്. "വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്‌നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്.
എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്", 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. ഒരുപക്ഷേ എന്റെ വീടിന് തീ പിടിച്ചെന്ന് പറഞ്ഞാലും ഞാന്‍ രക്ഷപെടുമ്പോള്‍ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ വസ്തുക്കളില്‍ ഒന്ന് ഇത് തന്നെയായിരിക്കും എന്നും അഹാന കുറിച്ചു.