nana-patole

മുംബയ്: മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ മഹാവികാസ് അഘാഡി സഖ്യം സ്ഥാനാർത്ഥിയും കോൺഗ്രസ് എം. എൽ. എയുമായ നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മുഖ്യ‌മന്ത്രി ഉദ്ധവ് താക്കറെയും മറ്റും ചേർന്ന് അദ്ദേഹത്തെ സ്പീക്കറുടെ വേദിയിലേക്ക് ആനയിച്ചു.

മുൻ ബി.ജെ.പി. എം.പിയാണ് നാനാ പട്ടോളെ. കിശൻ കഠോരെയെയായിരുന്നു ബി.ജെ.പിയുടെ സ്ഥാനാർത്ഥി. ഇന്നലെ പതിനൊന്ന് മണിയോടെ നിയമസഭ ചേർന്ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ രാവിലെ പത്ത് മണിയായിരുന്നു. അതിന് മുൻപ് ബി. ജെ. പി സ്ഥാനാ‌ത്ഥിയെ പിൻവലിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബി.ജെ.പി സഭ ബഹിഷ്‌കരിച്ചിരുന്നു.

നാനാ ഫൽഗുൻ റാവു പട്ടോളെ ( 56 )

പ്രധാന കോൺഗ്രസ്, എൻ.സി.പി നേതാക്കളെല്ലാം പശ്ചിമ മഹാരാഷ്ട്രക്കാരോ മറാഠ വിഭാഗക്കാരോ ആണ്.

സഖ്യത്തിന് അധികം പ്രാതിനിദ്ധ്യമില്ലാത്ത വിദർഭ മേഖലയുടെ പ്രതിനിധിയാണ് പട്ടോളെ.

ഒ.ബി.സി വിഭാഗമായ കുനാബി സമുദായാംഗം.

പ്രാദേശിക,​ സമുദായ സന്തുലനം കണക്കിലെടുത്താണ് പട്ടോളെയെ സ്പീക്കറാക്കിയത്

കോൺഗ്രസിന്റെ മുൻ കർഷകസംഘടനാ നേതാവാണ്

മുമ്പ് കോൺഗ്രസുകാരനായിരുന്നു. 2009-ൽ ബി.ജെ.പി.യിൽ

2014ൽ ഭണ്ഡാര - ഗോണ്ഡിയ സീറ്റിൽ എൻ.സി.പി.യുടെ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിനെ തോൽപ്പിച്ച് എം. പിയായി

മോദിയുമായി പിണങ്ങി എം. പി സ്ഥാനം രാജിവച്ച് കോൺഗ്രസിലേക്ക് തിരിച്ചുവന്നു.

2019-ൽ നാഗ്പൂരിൽ നിതിൻ ഗഡ്കരിക്കെതിരെ തോറ്റു.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സകോളി സീറ്റിൽ ജയിച്ചു

നാലാം തവണയാണ് എം. എൽ. എ ആകുന്നത്