മുംബയ്: ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണ് താനെന്നും അത് ഒരു കാലത്തും ഉപേക്ഷിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയുടെ പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാരിനെ ഒരിക്കല്‍ പോലും വഞ്ചിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്നാണ് താന്‍ പല കാര്യങ്ങളും പഠിച്ചത്. എപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ നാനാ പഠോള മഹാരാഷ്ട്ര സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിയമസഭയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
' ഇപ്പോഴും ഞാൻ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണ് അത് ഒരു കാലത്തും ഉപേക്ഷിക്കില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഒരിക്കൽ പോലും സർക്കാരിനെ വഞ്ചിച്ചിട്ടില്ല. എന്നെ എതിർത്തിരുന്ന ആളുകൾ ഇന്ന് എന്റെ സുഹൃത്തുക്കളാണ്. ഞാൻ ആർക്കൊപ്പമായിരുന്നോ അവരിന്ന് എതിര്‍ പക്ഷത്തും. ഭാഗ്യവും ജനങ്ങളുടെ അനുഗ്രഹവും കൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്. ഇവിടെ വരെ എത്തുമെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷെ എത്തി. താൻ ഭാഗ്യവാനായ ഒരു മുഖ്യമന്ത്രിയാണ്'-അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പിയെ ഉന്നം വച്ചുകൊണ്ടും താക്കറെ പരാമർശം നടത്തി. 'അർദ്ധരാത്രിയിൽ ഒന്നും ചെയ്യില്ല എന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഉറപ്പു നൽകുന്നു' എന്നായിരുന്നു താക്കറെയുടെ വിമർശനം. സഖ്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇരുട്ടി വെളുക്കുന്ന സമയം കൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ച നീക്കത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.