-hornbill-festival

വ്യത്യസ്ത യാത്രകൾ തേടിയുള്ളവർക്കായി ഇതാ ഒരു ഉഗ്രൻ ട്രിപ്പ്. അങ്ങ് നാഗാലാന്റിലേക്കാണ്. ഹോൺബിൽ ഫെസ്റ്റിവലിലേക്ക്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ നാഗാലാൻഡിൽ പ്രതിവർഷവും ഡിസംബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ. ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ, നാഗാലാ‌ൻഡ് ഗവൺമെൻറ് ആണ് സംഘടിപ്പിക്കുന്നത്. സമൃദ്ധിയുടെ ചിഹ്നമായും വേഴാമ്പലിനെ നാഗാ ഗോത്രവര്‍ഗക്കാര്‍ കരുതുന്നു. ഉത്സവങ്ങള്‍ ധാരാളമുണ്ടെങ്കിലും ഹോണ്‍ബില്‍ ഉത്സവമാണ് ഏറ്റവും പ്രധാനം. ഇത് ലോകപ്രശസ്തവുമാണ്. ഉത്സവങ്ങളുടെ നാട് എന്നാണ് നാഗാലാന്റ് അറിയപ്പെടുന്നത്.

നാഗന്മാരുടെ 16 ഗോത്രങ്ങളുടെയും കലകളെയും സംസ്കാരത്തെയും ഒരിടത്ത് കൊണ്ടുവരികയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പകലിനെ വേഗം മടക്കി അയക്കുന്ന രാത്രികളാണ് കൊഹിമയിൽ ഡിസംബർ മാസത്തിനുള്ളത്. ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്തവരാണ് നാഗന്‍മാര്‍. നായ, പന്നി, ആട്, ഒച്ച് തുടങ്ങി ആനയെ വരെ കഴിക്കാന്‍ മടിയില്ലാത്തവരാണിവര്‍. മാത്രവുമല്ല, മൃഗങ്ങളുടെ ഒരു ഭാഗവും അവര്‍ വെറുതെ കളയുകയുമില്ല. ഒന്നു കടിച്ചാൽ സ്വർഗം കണ്ടുപോകുന്ന രാക്ഷസ മുളകും ഇവിടെയുണ്ട്.

നാഗാലാൻഡിലെ കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്.16 ഗോത്രങ്ങളുടെയും സംസ്കാരത്തെയും ആചാരത്തെയും സൂചിപ്പിക്കുന്ന 16 കുടിലുകൾ ഇവിടെയുണ്ട്. എല്ലാ വർഷവും നാഗാലാ‌ൻഡ് ദിനമായ ഡിസംബർ ഒന്നിനു തുടങ്ങി ഡിസംബർ 10 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവലിന്റേത്.