തിരുവനന്തപുരം: കേരളാ പൊലീസ് ഹെലികോപ്റ്റർ വാടകയ്‍ക്കെടുക്കുന്നു. പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതുസംബന്ധിച്ച് പവൻ ഹാൻസെന്ന കമ്പനിയുമായി ധാരണയായി. പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം.
പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്തത രക്ഷാ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി വിന്യസിക്കും. പതിനൊന്ന് സീറ്റുകള്‍ ഉള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്ക്കേണ്ടത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും.