മുംബയ്: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിൽ ശരദ്പവാറിന്റെ എൻ.സി.പിക്ക് ആഭ്യന്തരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ലഭിച്ചേക്കും. മൊത്തമുള്ള 43 മന്ത്രിസ്ഥാനങ്ങളിൽ ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെ16 എണ്ണം എൻ.സി.പിക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ശിവസേനയ്ക്ക് 15 ഉം കോൺഗ്രസിന് 12 ഉം മന്ത്രിമാരുണ്ടാകും. സ്പീക്കർ പദവി കോൺഗ്രസിനാണ് നൽകിയത്.
ശരദ്പവാറിന്റെ അടുത്ത അനുയായിയായ ജയന്ത് പാട്ടീലിന് ആഭ്യന്തര വകുപ്പ് നൽകുമെന്നാണ് സൂചന. നേരത്തേ എൻ.സി.പി - കോൺഗ്രസ് സർക്കാരിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു.
ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാറിനെയാണ് ഉപമുഖ്യമന്ത്രി പദത്തിലേക്ക് പറഞ്ഞ് കേൾക്കുന്നത്. ബി.ജെ.പി പാളയത്തിലേക്ക് പോയി മടങ്ങി എത്തിയ അദ്ദേഹത്തിന്റെ കാര്യത്തിൽ പാർട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
റവന്യൂ വകുപ്പ് കോൺഗ്രസിനായിരിക്കും. ബാലാസാഹെബ് തൊറാട്ടോ, മുൻ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവും ശിവസേനയ്‌ക്കായിരിക്കും.
അതിനിടെ, ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹമായിരിക്കും പ്രതിപക്ഷ നേതാവ്.