ma
മരിയ ലില്ലി

കൊച്ചി:ലില്ലി ടീച്ചറുടെ രണ്ടാംവരവിൽ ആ വിരൽത്തുമ്പു പിടിച്ച് കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂൾ പ്രതാപത്തിലേക്കു തിരികെക്കയറിയതിന് ഒരു പുനർജ്ജന്മകഥയുടെ കൗതുകമുണ്ട്. കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിൽ കണ്ണീരുമായി നിന്ന എയ്‌ഡഡ് സ്‌കൂളിനെയാണ് സ്വന്തം ആഭരണങ്ങൾ പണയംവച്ച് സ്വരൂപിച്ച തുകയുമായി ലില്ലി ടീച്ചർ നേട്ടങ്ങളിലേക്ക് പിച്ചനടത്തിയത്.

സ്കൂളിനു വേണ്ടി മറ്റ് അദ്ധ്യാപകരെ കൂട്ടി ലില്ലി ടീച്ചർ നാട്ടിലേക്ക് ഇറങ്ങിയപ്പോൾ കൈവന്നത് 10 കമ്പ്യൂട്ടറുകൾ, വാട്ടർ പ്യൂരിഫയർ, മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു ദിവസത്തേക്കുള്ള യൂണിഫോം ...

1982 ലാണ് മരി​യ ലില്ലി പൊറ്റക്കുഴി പള്ളിയുടെ സ്‌കൂളിൽ അദ്ധ്യാപികയായി എത്തുന്നത്. ഒന്നാം ക്ളാസിൽ 40 വിദ്യാർത്ഥികൾ, നാലു ഡിവിഷൻ. ഏഴാം ക്ളാസ് വരെയുണ്ട് ആ പ്രതാപകാലത്ത്. ഏഴു വർഷം കഴിഞ്ഞ് ടീച്ചർക്ക് സ്ഥലംമാറ്രമായി. ഇരുപത്തഞ്ച് വർഷത്തിന് ശേഷം 2014 ൽ തിരികെയെത്തിയപ്പോൾ സ്‌കൂളിന് പഴയ മുഖമായിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ കെട്ടിടം, പൊളിഞ്ഞ ബെഞ്ചും ഡെസ്‌കും. ഡിവിഷൻ ഒന്നിലേക്കു ചുരുങ്ങി. സ്‌കൂളിനു താഴിടാൻ ഒരുങ്ങി അധികൃതർ...

2018 ൽ ലില്ലി ടീച്ചർ പ്രധാനാദ്ധ്യാപികയായത് ഒരു വാശിയുമായാണ്. ഡിവിഷൻ കുറഞ്ഞതോടെ വരുമാനമി​ല്ലാതായ സഹപ്രവർത്തകർക്ക് ടീച്ചർ സ്വന്തം ശമ്പളം പകുത്തു നൽകി. കുട്ടികളെ ചേർക്കണമെന്ന അഭ്യർത്ഥനയുമായി വീടുകൾ കയറിയിങ്ങി. സ്വകാര്യ സ്‌കൂളുകളുമായി കിടപിടിക്കുന്ന രീതിയിൽ അദ്ധ്യാപകർക്കും യൂണിഫോം നടപ്പാക്കി. ഇതി​നൊക്കെ പണം കണ്ടെത്താൻ പണയംവച്ച ആഭരണങ്ങൾ ഇനിയും തിരിച്ചെടുത്തിട്ടില്ല. അതിൽ ടീച്ചർക്ക് സങ്കടവുമില്ല.

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ സ്‌കൂളിൽ കടലാസ് ഉത്പന്നങ്ങൾ നി​ർമ്മി​ച്ച് കഴിഞ്ഞ വർഷം നടത്തിയ ബുക്ക്മാർക്ക് പ്രദർശനം വൻവി​ജയമായി​. സ്‌കൂളും മരി​യ ലി​ല്ലി​ ടീച്ചറുടെ നേതൃ പാടവവും ശ്രദ്ധനേടി​യതോടെ പി​.ടി​.എ ഉണർന്നു. എല്ലാവരും ഒത്തുപിടിച്ചതോടെ കഴിഞ്ഞ അദ്ധ്യയനവർഷം ചേർന്നത് നൂറു കുട്ടികൾ. ഇതോടെ സ്കൂൾ ഏറ്റെടുക്കാൻ വരാപ്പുഴ അതിരൂപത തീരുമാനിച്ചു.

വിരമിക്കാൻ നാലു മാസം മാത്രം ബാക്കിയുള്ളപ്പോഴും വി​ശ്രമി​ക്കാൻ ഒരുക്കമല്ല മരി​യ ലി​ല്ലി. പടിയിറങ്ങും മുമ്പ് പ്ളാസ്റ്റിക്കിന് എതിരെ മൂന്നു പദ്ധതികൾ പൂർത്തി​യാക്കാനുണ്ട്. അപ്പോളോ ടയേഴ്സി​ൽ ഉദ്യോഗസ്ഥനായി​രുന്ന ഭർത്താവ് സി​.എം. ആൻറണി​യുടെ പി​ന്തുണ ടീച്ചറുടെ എല്ലാ പ്രവർത്തനങ്ങൾക്കുമുണ്ട്. ഒപ്പം നി​റഞ്ഞ സ്നേഹവുമായി​ മകൻ നവീനും മകൾ നിമ്മിയും.