ഹൈദരാബാദ്:തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ചതിൽ പ്രതിഷേധം ഇരമ്പുന്നതിനിടെ, പരാതി അന്വേഷിക്കാത്തതിന് മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കേസിന്റെ വിചാരണയ്‌ക്ക് അതിവേഗ കോടതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
ഷംഷാബാദ് സ്റ്റേഷനിലെ എസ്.ഐ എം.രവികുമാർ, രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരായ വേണുഗോപാൽ റെഡ്ഡി, എ.സത്യനാരായണ ഗൗഡ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പരാതി നൽകിയപ്പോൾ അവൾ ഒളിച്ചോടിയതാവാമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് കുടുംബം
വെളിപ്പെടുത്തിയിരുന്നു. ദേശീയ വനിതാ കമ്മിഷനും പൊലീസിന്റെ കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു. പരാതി കൊടുക്കാൻ ആർ.ജി.ഐ.എ പൊലീസ് സ്റ്റേഷനിലെത്തിയെ ഡോക്ടറുടെ സഹോദരിയെ തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്ന് പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്കു പറഞ്ഞയച്ചു. അവിടെയും പൊലീസുകാരെ അയയ്‌ക്കാൻ വൈകിയെന്ന് സഹോദരി മൊഴി നൽകി.
പെൺകുട്ടി സഹോദരിയെ വിളിക്കുന്നതിന് പകരം പൊലീസിനെ വിളിക്കണമായിരുന്നു എന്ന മന്ത്രി മുഹമ്മദ് മെഹമൂദ് അലിയുടെ പ്രസ്താവന വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം ഷാദ്നഗർ പോലീസ് സ്റ്റേഷന്ചുറ്റും തടിച്ചുകൂടിയ ആളുകൾ പൊലീസിനുനേരെ ചെരിപ്പും മറ്റും വലിച്ചെറിഞ്ഞു. വിചാരണയില്ലാതെ പ്രതികളെ തൂക്കിക്കൊല്ലണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ആഭ്യന്തരമന്ത്രി മഹമൂദ് അലി, മന്ത്രിമാരായ ശ്രീനിവാസ് യാദവ്, സബിത ഇന്ദ്ര റെഡ്ഡി തുടങ്ങിയവരും യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ വീട് സന്ദർശിച്ച പ്രാദേശിക നേതാക്കളെ നാട്ടുകാർ തടഞ്ഞു. 'മാദ്ധ്യമങ്ങൾ വേണ്ട, പുറത്തുനിന്നുള്ളവർ വേണ്ട, പോലീസും വേണ്ട, സഹതാപവും വേണ്ട ... ഞങ്ങൾക്ക് വേണ്ടത് നീതിയാണ്, കടുത്ത നടപടിയാണ്' എന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
മദ്യം കുടിപ്പിച്ച് മയക്കി, ഊഴമിട്ട് പീഡിപ്പിച്ചു
യുവതിയെ പീഡിപ്പിക്കുന്നതിനു മുമ്പു ലോറി ഡ്രൈവറും സംഘവും മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. മയങ്ങിയ യുവതിയെ പ്രതികൾ ഊഴമിട്ട് പീഡിപ്പിച്ചു. ഡോക്ടർ നിലവിളിച്ചപ്പോൾ വായിലേക്ക് വിസ്‌കിയൊഴിച്ചു. ഡോക്ടറുടെ ബോധം മറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ട്രക്കിൽ കയറ്റി കൊണ്ടുപോയി. 27 കിലോമീറ്റർ അകലെ പുലർച്ചെ 2.30ന് ഒരു പാലത്തിനടിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചെന്നകേശവലു എന്നിവരെ വീടുകളിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 20നും 26നും ഇടയിൽ പ്രായമുള്ള ഇവർ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
നിർഭയയ്‌ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല
'മൃഗങ്ങൾ, പുസ്തകങ്ങൾ, കുടുംബം.. ഇതായിരുന്നു അവളുടെ സന്തോഷങ്ങൾ. അവൾ സുന്ദരിയായിരുന്നു. എല്ലാവരും പറയുന്നു നീതി ലഭിക്കുമെന്ന്. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്? മകളുടെ ചിരിച്ച മുഖം ഇനി കാണാനാകുമോ? നിർഭയയ്ക്കു ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ദുരന്തവും'– വിതുമ്പിക്കൊണ്ട് വനിതാ ഡോക്ടറുടെ അച്ഛന്റെ സഹോദരൻ പറഞ്ഞു.
'മൃഗങ്ങളെ അവൾക്ക് ഇഷ്ടമായിരുന്നു.. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറായത്. ഒരു പട്ടിക്കുട്ടിയെ വളർത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. നടന്നില്ല' അമ്മാവൻ പറഞ്ഞു.