gst

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് ആശ്വാസം പകർന്ന് ജി.എസ്.ടി സമാഹരണം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നു. നവംബറിൽ സമാഹരിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. ഉത്സവകാലം പ്രമാണിച്ചുണ്ടായ ഉപഭോക്തൃ വിപണിയിലെ വളർച്ചയാണ് ജി.എസ്.ടി വരുമാനത്തിൽ പ്രതിഫലിച്ചത്. മൂന്നുമാസത്തിനു ശേഷമാണ് സമാഹരണം വീണ്ടും ലക്ഷം കോടി രൂപ കടക്കുന്നത്.

2018 നവംബറിൽ 97,​637 കോടി രൂപയും കഴിഞ്ഞ ഒക്‌ടോബറിൽ 95,​380 കോടി രൂപയുമായിരുന്നു ജി.എസ്.ടി സമാഹരണം. 2017 ജൂലായിൽ ജി.എസ്.ടി നിലവിൽ വന്നശേഷം ഇത് എട്ടാം തവണയാണ് ജി.എസ്.ടി സമാഹരണം ലക്ഷം കോടി കവിയുന്നത്. മാന്ദ്യം മെല്ലെ പടിയിറങ്ങുന്നതിന്റെ സൂചനയായാണ് വരുമാനം വീണ്ടും ലക്ഷം കോടി രൂപ കടന്നതിനെ ധനമന്ത്രാലയം കാണുന്നത്.