മുംബയ് : മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്.
മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഫഡ്‌നവിസ് നടത്തിയ അവകാശവാദത്തെ ഉദ്ധവ് താക്കറെയടക്കമുള്ളവർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ പരിഹസിച്ചിരുന്നു. തുടർന്നാണ് ഫഡ്‌നവിസ് തന്റെ പ്രസ്താവന ആവർത്തിച്ച് രംഗത്തെത്തിയത്.
പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്ത ഫഡ്നവിസനെ അഭിനന്ദിച്ചുള്ളമുഖ്യമമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രമേയത്തിന് പിന്നാലെയാണ് ഫഡ്നവിസിന്റെ പ്രതികരണം. തിരിച്ചെത്തുമെന്ന് താൻ പറഞ്ഞിരുന്നതായി ഫഡ്‌നവിസ് സമ്മതിച്ചു. എന്നാൽ അതുസംബന്ധിച്ച ടൈം ടേബിൾ നൽകിയിരുന്നില്ല. ഒരു കാര്യം ഉറപ്പു നൽകുന്നു. നിങ്ങൾ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിർമ്മാണപ്രവർത്തനം പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഉദ്ഘാടനം നിർവഹിക്കാൻ താൻ മടങ്ങിയെത്തുമെന്ന് ഫഡ്നാവിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ജനങ്ങൾ പിന്തുണച്ചത് തങ്ങളെയാണ്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 70 ശതമാനമായിരുന്നു. എന്നാൽ യോഗ്യതയ്ക്കപ്പുറം മറ്റുചില കണക്കുകൂട്ടലുകാളാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 40 ശതമാനം മാർക്ക് നേടിയവർ സർക്കാർ രൂപവത്കരിച്ചു. ജനാധിപത്യ മര്യാദയുടെ ഭാഗമായി അത് അംഗീകരിക്കുന്നുവെന്നും ഫഡ്‌നവിസ് പറഞ്ഞു.