kerala-blasters

കൊച്ചി: ആർത്തലച്ച ആരാധകരുടെ ആവേശത്തിരയിൽ വീറോടെ പൊരുതിയെങ്കിലും വിജയത്തിനരികെ കേരള ബ്ലാസ്റ്രേഴ്സിന് കാലിടറി. കരുത്തരായ ഗോവയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും അവസാന നിമിഷം വഴങ്ങിയ ഗോളിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും ബ്ലാസ്റ്രേഴ്സിന് സമനിലക്കുരുക്ക്.

പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ പൊരുതിയ ഗോവ രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷമാണ് 2-2ന് വിജയ സമാനമായ സമനില സ്വന്തമാക്കിയത്. സിഡോഞ്ചയും മെസി ബൗളിയുമാണ് ബ്ലാസ്റ്രേഴ്സിന്റെ സ്കോറർമാർ. മാർട്ടാഡ ഫാളും ലെന്നി റോഡ്രിഗസും ഗോവയ്ക്കായി ഗോൾ മടക്കി. ഫാൾ രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തു പേരുമായാണ് ഗോവ മത്സരം പൂർത്തിയാക്കിയത്. പോയിന്റ് ടേബിളിൽ ഗോവ നാലാംസ്ഥാനത്തും ബ്ലാസ്റ്രേഴ്സ് എട്ടാം സ്ഥാനത്തുമാണ്.

സഹൽ ഇൻ രാഹുൽ ഔട്ട്

ബ്ലാസ് റ്റേഴ്സ് നിരയിൽ പ്ലേമേക്കർ സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ തിരിച്ചെത്തിയപ്പോൾ കെ.പി. രാഹുലിന് ബഞ്ചിലിരിക്കേണ്ടി വന്നു.4 - 2 - 3 - 1 ശൈലിയിലാണ് ഷട്ടോരി ബ്ലാസ്റ്റേഴ്സിനെ കളത്തിൽ വിന്യയസിച്ചത്. പ്രശാന്തും രഹനേഷുമായിരുന്നു ബ്ലാസ്റ്രേഴ്സ് ഇലവനിൽ മറ്ര് മലയാളി സാന്നിധ്യങ്ങൾ. മറുവശത്ത് പ്ലേമേക്കർ കോറോയില്ലാതെയിറങ്ങിയ ഗോവ മൻവീർ സിംഗിനെയാണ് മുന്നിൽ നിറുത്തിയത്.

സിഡോ കിടു

ഗോവയുടെ ടച്ചോടെയാണ് മത്സരം തുടങ്ങിയതെങ്കിലും മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ തന്നെ ബ്ലാസ്റ്രേഴ്സ് ലീഡെടുത്തു. ഇടതു വിംഗിൽ നിന്ന് രാജു ഗെയ്‌ക്‌വാദ് പെനാൽറ്രി ബോക്സിലേക്ക് നീട്ടിയെറിഞ്ഞ ത്രോ കൃത്യമായി ക്ലിയർ ചെയ്യാൻ ഗോവൻ പ്രതിരോധത്തിനായില്ല. പന്ത് പിടിച്ചെടുത്ത് സിഡോഞ്ച തൊടുത്ത ഹാഫ് വോളി ഗോവൻ ഗോളി മൊഹമ്മദ് നവാസിന്റെ കൈകളിൽ തട്ടി വലകുലുക്കിയപ്പോൾ ഗാലറിയിൽ ആവേശത്തിൽ ആറാടി.

അഞ്ചാം മിനിട്ടിൽ ബ്രെൻഡൻ ഫെർണാണ്ടസ് നീട്ടിക്കൊടുത്ത പന്തുമായി മൻവീർ സിംഗ് തിരിച്ചടി നൽകാൻ ബ്ലാസ്റ്രേഴ്സ് ഗോൾ മുഖത്തേക്ക് പാഞ്ഞെങ്കിലും ഓഫ് സൈഡായി. പതിനാറാം മിനിട്ടിൽ സേവ്യറിന്റെ അപകടകരമായ ക്രോസ് ബ്ലാസ്റ്രേഴ്സിന്റെ ഗോൾ മുഖത്തേക്ക് പറന്നെത്തിയെങ്കിലും ഗോവൻ പ്ലേമേക്കർ എഡു ബഡിയയ്ക്ക് അത് കണക്ട് ചെയ്യാനായില്ല. ഇരുപത്തിയേഴാം മിനിട്ടിലും ഗോവയ്ക്ക് അവസരമൊരുങ്ങിയെങ്കിലും ബ്രണ്ടൻ തുലച്ചു. 37-ാം മിനിട്ടിൽ ഒഗ്ബച്ചെ ഇടതുവിംഗിൽ നിന്ന് ഗോവൻ ഗോൾ മുഖത്തേക്ക് നൽകിയ ലോ ക്രോസ് ഓടിയെത്തിയ മെസി ബൗളിക്ക് കൃത്യമായി കണക്ട് ചെയ്യാനായില്ല.

ഗോവയുടെ തിരിച്ചടി

നാല്പതാം മിനിട്ടിൽ മന്ദർ റാവുവിനെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്രേഴ്സിന്റെ പ്രതിരോധ താരം ഡ്രോബറോവിന് മഞ്ഞക്കാർഡ് കിട്ടി. ഈ ഫൗളിന് പെനാൽറ്രി ബോക്സിനരികിൽ നിന്ന് ബെഡിയ എടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി രഹനേഷ് സേവ് ചെയ്തെങ്കിലും പന്ത് കിട്ടിയത് വലതു വിംഗിലുണ്ടായിരുന്ന ജാക്കി ചന്ദ് സിംഗിന്. ജാക്കി ചന്ദ് ഫാർ പോസ്റ്രിലേക്ക് ഉയർത്തി നൽകിയ ക്രോസ് ആർത്തലയ്ക്കുന്ന ഗാലറിയെ നിശബ്ദമാക്കി മനോഹരമായ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ഗോവൻ ഡിഫൻഡർ മാർട്ടാഡ ഫാൾ ബ്ലാസ്റ്രേഴ്സിന്റെ വലയ്ക്കുള്ളിലേക്കുകയായിരുന്നു.

നാല്പത്തിയഞ്ചാം മിനിട്ടിൽ രഹനേഷിനെ ഫൗൾ ചെയ്തതിന് ഗോവയുടെ ബ്രണ്ടൻ ഫെർണാണ്ടസിനും കിട്ടി മഞ്ഞക്കാർഡ്. ഒന്നാം പകുതിയുടെ അവസാന നമിഷത്തിൽ ബ്ലാസ്റ്രേഴ്സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ഒഗ്ബച്ചെ തൊടുത്ത ലോംഗ് റേഞ്ചർ ഗവൻ ഗോളി നവാസ് വലത്തോട്ട് പറന്ന് രക്ഷെപ്പുടുത്തി. ആക്രമണം കടുപ്പിച്ചു

രണ്ടാം പകുതി തുടങ്ങിയതും ബ്ലാസ്റ്രേഴ്സിന്റെ ആക്രമണം കണ്ടു കൊണ്ടാണ്. മെസിയും ഒഗ്ബച്ചെയും മുന്നേറ്ര നിരയിൽ കൂടുതൽ ഒത്തിണക്ക് കാണിച്ചതോടെ ഗോവൻ ഗോൾ മുഖത്തേക്ക് തുടർച്ചയായി പന്തെത്തിക്കൊണ്ടിരുന്നു.

ഫാൾ വീണു

ഗോവയ്ക്ക് ഒന്നാം പകുതിയിൽ സമനില സമ്മാനിച്ച് ഹീറോയായ ഫാൾ 52-ാം മിനിട്ടിൽ വില്ലനായി. പന്തുമായി ഗോവൻ പെനാൽറ്രി ബോക്സിലേക്ക് കുതിച്ചെത്തിയ ഒഗ്ബച്ചയെ ഫൗൾ ചെയ്തതിന് ഫാളിന് റഫറി ചുവപ്പ് കാണിച്ചു. ഏറെ നേരം റഫറിയുമായി തർക്കിച്ച് പ്രതിഷേധമറിയിച്ച ശേഷമാണ് ഫാൾ ഗ്രൗണ്ട് വിട്ടത്.

മെസി മിന്നൽ

59-ാം മിനിട്ടിൽ ആരാധകരെ ആവശേത്തിന്റെ കൊടുമുടി കയറ്രി ബ്ലാസ്റ്രേഴ്സ് വീണ്ടും മുന്നിലെത്തി. പ്രശാന്ത് നൽകിയ പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ മെസി ഗോവൻ ഗോൾ വലയ്ക്കകത്താക്കുകയായിരുന്നു. ബ്ലാസ്‌റ്രേഴ്സ് കുപ്പായത്തിൽ മെസിയുടെ ആദ്യ ഗോൾ. 87-ാം മിനിട്ടിൽ മെസി വീണ്ടും ഗോവൻ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

ലെന്നി മിന്നൽ

ഗാലറിയിൽ വിജയാരവം മുഴക്കിത്തുടങ്ങിയ ബ്ലാസ്റ്രേഴ്സ് ആരാധകരെ സങ്കടക്കലിലേക്ക് എടുത്തെറിഞ്ഞ് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ 92-ാം മിനിട്ടിൽ ലെന്നി റോഡ്രിഗസ് ഗോവയുടെ സമനില ഗോൾ നേടി. മൻവീർ സിംഗിന്റെ തകർപ്പൻ ഷോട്ട് രഹനേഷ് തട്ടിക്കളഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ലെന്നി ക്ലിനിക്കൽ ഫിനിഷിംഗിലൂടെ ഗോവയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.