-pak-news

ലണ്ടൻ: ഇംഗ്ലണ്ടിലെ ലണ്ടൻ ബ്രിഡ്ജിന് സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഉസ്മാൻഖാൻ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജഡ്ജി. 2010ലെ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് ബോംബാക്രമണവുമായി പിടിക്കപ്പെട്ട സന്ദർഭത്തിൽ ഉസ്മാനെ വിചാരണ ചെയ്തിരുന്ന് ഈ ജഡ്ജിയായിരുന്നു.

ബ്രിട്ടീഷ് പൗരനായ ഉസ്മാന് അന്ന് 19 വയസായിരുന്നു.

2012ൽ ജയിലിലായ ഉസ്മാൻ ഖാനും മറ്റൊരു ഭീകരനായ നാസൻ ഹുസൈനുമെതിരെ 16വർഷം ശിക്ഷ വിധിക്കുമ്പോൾ ഇവർ പുറത്തിറങ്ങിയാൽ ഇനിയും ഭീകരാക്രമണങ്ങൾ സംഘടിപ്പിച്ചേക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു. 2018ൽ സർക്കാർ പുറത്തുവിട്ട് ഒരു വർഷമാകുന്നതിന് മുമ്പ് ആക്രമണവും നടത്തി.

പാക് അധീന കാശ്മീരിൽ നിന്നുള്ളയാളാണ് ഖാൻ എന്നത് ജഡ്ജി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. 'അൽക്വ ഇദ ഇന്റർനെറ്റിലൂടെ നടത്തിയ പ്രചാരണങ്ങളാണ് ഈ യുവാവിനെ ഭീകരവാദത്തിലേക്ക് എത്തിച്ചത്. കാശ്മീരുമായി ബന്ധപ്പെട്ട് ഇയാൾക്ക് ദീർഘകാല ഭീകരാക്രമണ പദ്ധതികളുണ്ടായിരുന്നു. .പാകിസ്ഥാനിൽ ഭീകര പരിശീലനം ലഭിച്ചിരുന്നു. ഭീകരക്യാമ്പുകൾ സംഘടിപ്പിക്കുകയും അവയ്ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ബ്രിട്ടീഷ് യുവാക്കളെ അവയിലേക്ക് റിക്രൂട്ട് ചെയ്യുകയുമെല്ലാം ഇയാളുടെ പദ്ധതികളിൽപ്പെട്ടിരുന്നു. ഇയാൾ അപകടകാരിയാണ്. പുറത്തുവിടരുത്.'- 2012ൽ ജഡ്ജി പറഞ്ഞു.

ചെറുപ്പത്തിലേ സ്‌കൂൾ പഠനം അവസാനിപ്പിച്ചയാളാണ് ഉസ്മാൻ ഖാൻ. ഇയാൾ പിന്നീട് പാക് അധീന കാശ്മീരിലുള്ള തന്റെ മാതാവിനരികിലേക്ക് പോയി. അവിടെ നിന്നു തിരിച്ചെത്തിയ ശേഷം ഇന്റർനെറ്റിലൂടെ ഭീകരവാദ പ്രചാരണം തുടങ്ങി.

 രണ്ട് പേർക്കാണ് ലണ്ടൻ ബ്രിഡ്‌ജ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ജാക്ക് മെറിറ്റാണ് (25) കൊല്ലപ്പെട്ട യുവാവ്. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ജാക്ക് മെറിറ്റ് കോ-ഓർഡിനേറ്ററായ ബോധവത്കരണ ക്ലാസിലാണ് ഉസ്മാൻ ഉൾപ്പെടെയുള്ള ജയിൽമോചിതർ പങ്കെടുത്തത്. ഇതിന് ശേഷമായിരുന്നു ആക്രമണം.

 ഉസ്മാൻ 'ഞങ്ങളുടെ പോരാളി': ഐസിസ്

ഇംഗ്ലണ്ടിലെ ലണ്ടൻ ബ്രിഡ്ജിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ഉസ്മാൻ ഖാൻ 'ഞങ്ങളുടെ പോരാളി'യാണെന്നും

സഖ്യരാഷ്ട്രങ്ങളിലെ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐസിസ് വ്യക്തമാക്കി. ഇന്നലെ അമാഖ് വാർത്താ ഏജൻസിയിലൂടെയായിരുന്നു പ്രസ്താവന.