മലപ്പുറം: മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയ്ക്കൊപ്പം കൂടി സർക്കാർ രൂപീകരിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായി ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് എടുത്ത നിലപാടാണ് ശരി. വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുക്കളെ കൂടെ കൂട്ടുന്നതിൽ തെറ്റില്ലെന്നും ആര്യാടൻ പറഞ്ഞു. കോൺഗ്രസിന്റെ ഏറ്റവും വലിയ ശത്രു ബി.ജെ.പി ആണ്. അതുകൊണ്ടുതന്നെ വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുക്കളെ കൂടെ കൂട്ടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ചില നിർദ്ദേശങ്ങൾ വെച്ചതിനു ശേഷമാണ് ശിവസേനയുമായി മഹാരാഷ്ട്ര ഭരണത്തിൽ പങ്കാളികളായത്. മതേതരത്വത്തിൽ ഉറച്ചു നിന്നുള്ള നിലപാട് മാത്രമേ എടുക്കാവൂ എന്നും, കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും, സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കാൻ പാടില്ലെന്നുമാണ് മുന്നോട്ടുവച്ച നിർദേശങ്ങൾ. മലപ്പുറം എടവണ്ണയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വം ക്യാമ്പിൽ സംസാരിക്കവെയാണ് ആര്യാടൻ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണ് താനെന്നും അത് ഒരു കാലത്തും ഉപേക്ഷിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തിമാക്കിയിട്ടുണ്ട്. ശിവസേനയുടെ പ്രത്യയശാസ്ത്രത്തിൽ മാറ്റം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാരിനെ ഒരിക്കല്‍ പോലും വഞ്ചിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്നാണ് താന്‍ പല കാര്യങ്ങളും പഠിച്ചത്. എപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിലെ നാനാ പഠോള മഹാരാഷ്ട്ര സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിയമസഭയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.