ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ടൂവീലർ എന്ന പെരുമയ്ക്ക് ഉടമയാണ് ഹോണ്ടയുടെ ആക്‌ടീവ. ഒരിടക്കാലത്ത് ഹീറോയുടെ സ്‌പ്ളെൻഡറിന്റെ മുന്നിൽ പകച്ചെങ്കിലും വൈകാതെ തന്നെ ഒന്നാംസ്ഥാനം ആക്‌ടീവ തിരിച്ചുപിടിച്ചു. വിപണിയിലെ സ്വീകാര്യതയുടെ പിൻബലത്തിൽ ആക്‌ടീവയുടെ പല വകഭേദങ്ങളും ഹോണ്ട കൊണ്ടുവന്നിട്ടുണ്ട്.
ബി.എസ്-6 ഒരു അനിവാര്യതയാണെങ്കിലും, അത് ആദ്യമായി അലങ്കരിക്കുന്ന സ്‌കൂട്ടർ എന്ന പെരുമയും ഹോണ്ട ആക്‌ടീവയ്ക്ക് സ്വന്തമാണ്. ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നു എന്നതു മാത്രമല്ല, പുതുമയേറിയ ഫീച്ചറുകളും പുതിയ ഹോണ്ട ആക്‌ടീവ 125ന്റെ മികവുകളാണ്. മുൻഗാമികളിൽ നിന്ന് പുത്തൻ ആക്‌ടീവ 125ന്റെ മുൻഭാഗത്ത് വലിയ മാറ്റം തന്നെയുണ്ട്. മുൻഭാഗത്തെ ഏപ്രൺ സ്‌കൂട്ടറിന് പുതിയ ഭാവം തന്നെ നൽകുന്നു. പുതിയ എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റും കാണാം.
ക്രോമിന്റെ ഉപയോഗം വാഹനത്തിൽ കൂടുതലായി കാണാം. ഇത്, പ്രീമിയം ടച്ച് ഉറപ്പാക്കുന്നു. പിന്നിൽ, ടെയ്‌ൽ ലൈറ്റിനും പുതുമോടിയുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ, ഭാരത് സ്‌റ്രേജ് - 6 അഥവാ ബി.എസ് - 6 അധിഷ്‌ഠിത എൻജിനാണ് വാഹനത്തിന്റെ പ്രധാന മാറ്റം. ഇന്ധനക്ഷമതയിൽ 13 ശതമാനം വർദ്ധന ഈ എൻജിനുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. 8.18 ബി.എച്ച്.പിയാണ് എൻജിന്റെ കരുത്ത്. പരമാവധി ടോർക്ക് 10.3 ന്യൂട്ടൺ മീറ്രർ.
അഞ്ചു സെക്കൻഡിനുമേൽ വണ്ടി ഓടാതെ നിന്നാൽ (ഐഡിൽ പൊസിഷൻ) എൻജിൻ തനിയെ ഓഫാകും. ഇത്, ഇന്ധനക്ഷമത ഉയർത്താൻ സഹായിക്കുന്ന മികവാണ്. ഇന്ധനം നിറയ്ക്കുന്ന ഫ്യുവൽ ഫില്ലർ കാപ്പ് ടെയ്‌ൽലൈറ്രിന് തൊട്ടുമുകളിലാണ്. മൾട്ടി-ഫംഗ്‌ഷൻ കീസ്ളോട്ട് വഴിയാണ് ഇതു തുറക്കാനാവുക. പെട്രോൾ അടിക്കുമ്പോൾ സീറ്രിൽ നിന്ന് ഇറങ്ങേണ്ടതില്ലെന്ന നേട്ടമുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലും മികച്ച റൈഡിംഗ് സാദ്ധ്യമാക്കുന്നുണ്ട് പുത്തൻ ആക്‌ടീവ. 90 കിലോമീറ്രറാണ് ടോപ് സ്‌പീഡ്. സ്‌റ്രാൻഡേർഡ്, അലോയ് ഡീലക്‌സ് വേരിയുകളാണ് ബി.എസ്-6 ആക്‌ടീവ 125നുള്ളത്. 67,490 രൂപ മുതലാണ് വില.