മുംബയ്: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നും സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയപ്പെടുന്നുവെന്നും വ്യവസായി രാഹുൽ ബജാജ് തുറന്നടിച്ചു.
കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വൻകിട വ്യവസായികളും പങ്കെടുത്ത ഇക്കണോമിക് ടൈംസ് അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിലിരിക്കുമ്പോഴാണ് രാഹുൽ ബജാജ് ഇത് പറഞ്ഞത്.
'ഞങ്ങൾ ഭയപ്പെടുന്നു. അത്തരമൊരു അന്തരീക്ഷം തീർച്ചയായും നമ്മുടെ മനസിലുണ്ട്. പക്ഷേ ആരും സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാൽ ഞാൻ തുറന്ന് പറയും. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കണം. രണ്ടാം യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഞങ്ങൾക്ക് ആരെയും വിമർശിക്കാമായിരുന്നു. നിങ്ങളുടെ സർക്കാർ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിച്ചാൽ നിങ്ങളത് മുഖവിലയ്ക്കെടുക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. ഞാൻ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവർക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു.'- രാഹുൽ ബജാജ് പറഞ്ഞു. വൻകരഘോഷത്തോടെയാണ് സദസ് അദ്ദേഹത്തിന്റെ വാക്കുകൾ എതിരേറ്റത്.
സർക്കാരിനെ വിമർശിക്കാൻ ആളുകൾ ഭയപ്പെടുന്ന സാഹചര്യം രാജ്യത്ത് ഇല്ലെന്ന് രാഹുൽ ബജാജിന് ശേഷം പ്രസംഗിച്ച അമിത് ഷാ പറഞ്ഞു. രാഹുൽ ബജാജിന് ഇങ്ങനെ പറയാൻ സാധിച്ചത് തന്നെ അതിന്റെ തെളിവാണ്. പ്രശ്നമുണ്ടെങ്കിൽ സർക്കാർ ഇടപെടുമെന്നും അമിത് ഷാ പറഞ്ഞു.
'നിരവധി പത്രങ്ങളിൽ മോദിയെയും എൻ.ഡി.എ സർക്കാരിനെയും വിമർശിച്ച് എഴുതുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനം വരുന്നത് എന്നതാണ് സത്യം. എന്നിട്ടും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ, അന്തരീക്ഷം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കേണ്ടിവരും"- ഷാ പറഞ്ഞു.