റായ്‌പുർ: 2012 ജൂണിൽ ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലുള്ള സർകെഗുഡയിൽ കൊല്ലപ്പെട്ട 17 പേർ മാവോയിസ്റ്റുകളല്ലെന്ന് സംഭവത്തിൽ അന്വേഷണത്തിനായി രൂപീകരിച്ച ജുഡിഷ്യൽ കമ്മിഷൻ. ആറ് കുട്ടികളും 11 മുതിർന്നവരുമാണ് സി.ആർ.പി.എഫ് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെട്ടത്. ഇവർ ഗ്രാമവാസികളാണെന്നാണ് ഏകാംഗ ജുഡിഷ്യൽ കമ്മിഷൻ പറയുന്നത്. ഗ്രാമവാസികളെ പൊലീസ് ആക്രമിക്കുകയും തൊട്ടടുത്ത് നിന്ന് വെടിവച്ച് കൊല്ലുകയുമായിരുന്നു.16 പേരെ രാത്രിയിലാണ് പൊലീസ് വെടിവച്ച് കൊന്നത്. ഒരാളെ പിറ്റേദിവസം രാവിലെയും കൊലപ്പെടുത്തി. ഗ്രാമവാസികൾ തങ്ങൾക്ക് നേരെ വെടിവച്ചെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും കമ്മിഷൻ പറഞ്ഞു.
മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് വി.കെ. അഗർവാളാണ് കമ്മിഷൻ. ആറ് പൊലീസുകാർക്ക് പരിക്കേറ്റത് പൊലീസുകാരുടെ തന്നെ വെടിയേറ്റായിരിക്കാമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ കൃത്രിമം നടന്നെന്ന് വ്യക്തമാണെന്നും കമ്മിഷൻ പറഞ്ഞു.
2012 ജൂൺ 28നായിരുന്നു സംഭവം. മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തേക്ക് പോയതെന്ന് പൊലീസ് അവകാശപ്പെട്ടു. തങ്ങൾ സ്ഥലത്തെത്തുമ്പോൾ മാവോയിസ്റ്റുകൾ യോഗം ചേരുകയായിരുന്നെന്നും അവർ തങ്ങൾക്കു നേരെ വെടിവച്ചെന്നും പൊലീസ് ആരോപിച്ചു. ഈ രണ്ട് വാദങ്ങളും തെറ്റാണെന്ന് കമ്മിഷൻ സ്ഥാപിച്ചു. തങ്ങൾ ഗ്രാമത്തിലെ ഉത്സവം സംബന്ധിച്ച ഒരു യോഗം ചേരുകയായിരുന്നെന്ന് ഗ്രാമവാസികൾ പറഞ്ഞു.
റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. വിധാൻ സഭ അംഗീകരിച്ചാൽ കാബിനറ്റിന്റെ പരിഗണനയിൽ വരും