hyderabad-

ഹൈദരാബാദ്: ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെ കൂട്ടമാനംഭംഗത്തിന് ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസ് അതിവേഗ കോടതിയിൽ വിചാരണ നടത്തി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കൊലപാതകത്തിൽ രാജ്യമെങ്ങും വൻപ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.

ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്ത് കത്തിച്ചെന്നതും, ഇതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന് പ്രതിഷേധമുയർന്നിരുന്നു. കേസന്വേഷണത്തിനായി എത്തിയ പൊലീസുകാരുടെ നേർക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പുകളും കല്ലും എറിഞ്ഞു.

ഈ സാഹചര്യത്തിൽക്കൂടിയാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് തീരുമാനം പ്രഖ്യാപിക്കുന്നത്. യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിൽ അലംഭാവം കാട്ടിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

2012ൽ പെൺകുട്ടിയെ ബസ്സിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്.