sisiter-lucy-kalappura-

തിരുവനന്തപുരം:കന്യാസ്ത്രീയായ ശേഷം നാല് തവണ തന്നെ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി കളപ്പുര തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നു.

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തൽ. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യസ്ത്രീ പ്രസവിച്ചെന്നും, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.

പുസ്‌തകത്തിൽ നിന്ന്

''മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തിയാണ് വൈദികർ ലൈംഗിക ചൂഷണം നടത്തുന്നത്. ചില മഠങ്ങളിൽ യുവതികളായ കന്യാസ്ത്രീകൾ അനുഭവിക്കാറുള്ളത് അസാധാരണ ലൈംഗിക വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ലൈംഗിക ബന്ധത്തിന് യുവതികളായ കന്യാസ്ത്രീകളെ ഉപയോഗിക്കാറുണ്ട്. തന്റെ ചേച്ചി ഇത്തരത്തിൽ കന്യാസ്ത്രീ മഠം വിട്ടുപോയതാണ്,​ അപ്പോഴൊക്കെ അവർക്ക് സാമൂഹിക പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു.

കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. തന്നെപ്പോലും പലപ്പോഴും വിളിച്ചിരുന്നു. ചില കന്യാസ്ത്രീകൾ റോബിന് അനുകൂലമായ നിലപാട് എടുത്തത് ആ ബന്ധം കൊണ്ടാണ്.

കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നു. താൽപ്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരാകാൻ അനുവദിക്കണം. ദുർബലരായ കന്യാസ്ത്രീകൾക്ക് വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയുന്നില്ല. മനുഷ്യചോദനകളെ ചങ്ങലയ്ക്കിടുന്നതിനു പകരം പുതിയ കീഴ് വഴക്കങ്ങൾ ഉണ്ടാക്കുന്നതാണ് നല്ലത്. വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭയ്ക്ക് ഉൾക്കൊള്ളാൻ കഴിയണമെന്നും സിസ്റ്റർ ലൂസി പറയുന്നു.