china

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം ഉറപ്പിക്കാൻ ചൈന വർഷങ്ങളായി ശ്രമിച്ചുവരികെയാണ്. മാത്രമല്ല അയൽ രാജ്യമായ ശ്രീലങ്കയുമായി ചൈനയുടെ ബന്ധം ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ഇപ്പോൾ ഇന്ത്യക്കും പടിഞ്ഞാറൻ രാജ്യങ്ങൾക്കും മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയും പടിഞ്ഞാറൻ രാജ്യങ്ങളും നിക്ഷേപം നടത്തിയില്ലെങ്കിൽ ചൈനയിൽ നിന്ന് വീണ്ടും ധനസഹായം തേടേണ്ടിവരുമെന്ന് ഗോതാബയ പറയുന്നത്. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുമായി ശ്രീലങ്കയ്ക്ക് സൗഹൃദ ബന്ധമാണെങ്കിലും ഗോതാബയുടെ സഹോദരൻ മഹീന്ദ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന 2005- 2015 കാലഘട്ടത്തിൽ ശ്രീലങ്ക ചൈനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കയില്‍ നിക്ഷേപം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു. ശ്രീലങ്കയില്‍ നിക്ഷേപം നടത്താനും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായിക്കാനും തങ്ങളുടെ രാജ്യത്തെ കമ്പനികളോട് ഇന്ത്യപോലുള്ള രാജ്യങ്ങൾ ആവശ്യപ്പെടണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ശ്രീലങ്കയ്ക്ക് മാത്രമല്ല, ഏഷ്യയിലെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്കും പ്രശ്‌നങ്ങൾ ഉണ്ടാകും.- ഗോതാബയ കൂട്ടിച്ചേർത്തു.

ശ്രീലങ്കയിൽ ഈ രാജ്യങ്ങൾ നിക്ഷേപം നടത്തിയെങ്കിൽ ചൈനയിൽ നിന്ന് ധനസഹായം തേടേണ്ടിവരും. ബദൽ തന്നില്ലെങ്കിൽ വണ്‍ ബെൽറ്റ് വണ്‍ റോഡ് പദ്ധതിക്ക് ചൈനക്കാർ മുൻകൈയെടുക്കും.ഹംബന്റോട്ട പോലെ തന്ത്രപ്രധാനമായ എല്ലാ പദ്ധതികളുടെയും നിയന്ത്രണം ശ്രീലങ്കൻ സർക്കാരിന് ഉണ്ടായിരിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സൈനികവും തന്ത്രപരവുമായ സ്വാധീനം ശക്തിപ്പെടുത്തുന്നതിനാൽ വൺ ബെൽറ്റ് വണ്‍ റോഡ് പദ്ധതിയെ കുറിച്ച് ഇന്ത്യ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ചൈനയുടെ നീക്കത്തെ ഇന്ത്യ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്.