london-


ലണ്ടൻ : ലണ്ടൻ ബ്രിഡ്ജിനു സമീപം നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചു കൊന്ന ഭീകരൻ ഉസ്മാൻഖാൻ കാശ്മീരിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവദിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2012ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അൽ ഖായിദ ഗൂഢാലോചനയിൽ അറസ്റ്റിലായ ഉസ്മാൻ ഖാന്റെ വിചാരണയ്ക്കിടയിൽ ബ്രിട്ടീഷ് ജഡ്ജ് അലൻ വിൽക്കിയാണ് ഇക്കാര്യം പറഞ്ഞത്.

പാക്ക് അധിനിവേശ കാശ്മീരിലുള്ള കുടുംബത്തിൽ നിന്നുള്ള ഉസ്‌മാൻ, അവിടെ ഭീകരപരിശീലന ക്യാംപിൽനിന്നു പരിശീലനം നേടിയിരുന്നതായും അലൻ വിൽക്കി പറഞ്ഞു. ഇംഗ്ലീഷ് നഗരമായ സ്റ്റോക്കിലുള്ള ഭീകരസംഘടനയിൽ അംഗമായിരുന്നു ഉസ്മാൻ ഖാൻ. ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പാക്ക് അധിനിവേശ കശ്മീരിലുള്ള പരിശീലന ക്യാമ്പ്. ഇവിടുത്തെ പരിശീലനത്തിനു പിന്നാലെയാണ് കാശ്മീരിൽ ഉൾപ്പെടെ ഭീകരാക്രമണം നടത്താൻ ഉസ്മാൻ പദ്ധതിയിട്ടത്. ലണ്ടനിലെയും കാർഡിഫിലെയും ഭീകരസംഘങ്ങളുമായും സംഘം ബന്ധം പുലർത്തിയിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അവരുടെ പദ്ധതിക്ക് സ്റ്റോക്ക് ഭീകരസംഘം സഹായിച്ചതിനു പിന്നാലെയാണ് ഉസ്മാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്.

ഭീകസംഘടനയായ അൽ ഖായിദയുടെ ചീഫ് ഓഫ് എക്സ്റ്റേണൽ ഓപ്പറേഷൻസ് അൻവർ അൽ–അവലാക്കിയിൽ ആകൃഷ്ടനായാണ് ഉസ്മാൻ ഖാൻ ഭീകരവാദത്തിലേക്കു തിരിയുന്നത്. 2010 ൽ ലണ്ടൻ ബ്രിജിനു സമീപം രണ്ടു പേരുടെ മരണത്തിനിടയാക്കിയ കത്തിക്കുത്ത് കേസിലും ഉസ്മാൻ പ്രതിയാണ്. ഈ കേസിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് 2012 ൽ നടത്താൻ പദ്ധതിയിട്ട സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. 2010 മുതൽ ജയിലിൽ കഴിയുന്ന ഉസ്മാൻ വിചാരണ കാലാവധി കൂടി ശിക്ഷയായി കണക്കാക്കിയാണ് 2018 ൽ ജയിൽ മോചിതനാകുന്നത്.