pinarayi-

തിരുവനന്തപുരം: രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് അഴിമതിക്കെതിരായ സർക്കാർ നടപടികൾക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്നു നടത്തിയ ഇന്ത്യാ കറപ്ഷൻ സർവേ 2019ലാണ് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടത്.

ഭരണരംഗത്തു നിന്ന് അഴിമതി പൂർണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ മനസോടെ ജാഗ്രതയോടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സർവേ പ്രകാരം കേരളത്തിൽ സർക്കാർ കാര്യങ്ങൾ സാധിക്കുന്നതിന് 10 ശതമാനം ആളുകൾ മാത്രമാണ് കൈക്കൂലി നൽകുന്നുള്ളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

50 ശതമാനം പേർ അവരുടെ കാര്യങ്ങൾ സാധിക്കുന്നതിന് ഒരിക്കൽപോലും കൈക്കൂലി നൽകിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ 40 ശതമാനം പേർ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും അഴിമതി കുറവാണ്. സർവേ പ്രകാരം രാജസ്ഥാൻ ആണ് ഏറ്റവും അഴിമതി ഏറിയ സംസ്ഥാനം. ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും അഴിമതിയുടെ കാര്യത്തിൽ മുന്നിലാണ്.