മുംബയ് : സുപ്രീംകോടതി അംഗീകരിച്ച ലോധ കമ്മിഷൻ ശുപാർശകളിൽ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്താൻ തീരുമാനമെടുത്ത് സൗരവ് ഗാംഗുലി അദ്ധ്യക്ഷനായ ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗം. ഭാരവാഹികളുടെ കൂളിംഗ് ഒഫ് ടൈം അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്താനുള്ള പ്രമേയം ഇന്നലെ മുംബയിൽ ചേർന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗം പാസാക്കി. ഇത് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നാളെ കോടതി വിഷയം പരിഗണിക്കും.
ബി.സി.സി.ഐ തീരുമാനങ്ങൾ
ഇങ്ങനെ
. സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ മൂന്നുവർഷം വീതമുള്ള രണ്ട് ടേമുകൾ തുടർച്ചയായി ഭരണത്തിലിരിക്കുന്നവർ മൂന്നുവർഷം മാറിനിൽക്കണമെന്നാണ് (കൂളിംഗ് ഒഫ് പിരീഡ്) ലോധ കമ്മിറ്റി ശുപാർശ. ഇതുപ്രകാരം സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ഒരുവർഷം തികയും മുമ്പ് ബി.സി.സി.ഐയിൽ നിന്ന് മാറേണ്ടിവരും.
. ഇതൊഴിവാക്കാൻ ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും ഭരണകാലം വ്യത്യസ്തമായി കണ്ട് കൂളിംഗ് ഒഫ് പിരീഡ് നിശ്ചയിക്കാനാണ് തീരുമാനം.
. ഇങ്ങനെവന്നാൽ ഗാംഗുലിക്ക് 2024 വരെ ബി.സി.സി.ഐ പ്രസിഡന്റായി തുടരാം.
. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബി.സി.സി.ഐ പ്രതിനിധിയായി രാഹുൽ ജോഹ്‌രിക്ക് പകരം ജയ്ഷായെ നിയമിച്ചു.
. എല്ലാ തീരുമാനങ്ങളും സുപ്രീംകോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങുന്നത് ഒഴിവാക്കി ഭൂരിപക്ഷ ജനാധിപത്യ സ്വാതന്ത്ര്യം അനുവദിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടാനും തീരുമാനിച്ചു.