sisiter-lucy-kalappura-

തിരുവനന്തപുരം: നേരിട്ട് അറിഞ്ഞ അനുഭവങ്ങൾ പങ്ക് വയ്ക്കണം എന്ന ആഗ്രഹമാണ് തന്റെ "കർത്താവിന്റെ നാമത്തിൽ" എന്ന പുസ്തകത്തിലൂടെ പുറത്തുവന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. ആരെയും വേദനിപ്പിക്കാനല്ല തന്റെ പുസ്തകമെന്നും കൂടുതൽ തുറന്ന് പറച്ചിലുകൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏർപ്പാടുകൾ തുടരാനാകില്ലെന്നും അവർ വ്യക്തമാക്കി.

2005ലാണ പുസ്തകം എഴുതാൻ തുടങ്ങിയത്. സന്യാസ സഭയില്‍ നിന്ന് മാനസികമായി പീഡിപ്പിക്കപ്പെട്ട വർഷമാണ് 2000-2003. ആ സമയത്ത് ചിന്തകളെ മനോഹരമാക്കാൻ വേണ്ടി അനുഭവങ്ങള്‍ എഴുതി വയ്ക്കുകയായിരുന്നു. പിന്നീട് ഫ്രാങ്കോ മുളയ്ക്കല്‍ലിനെതിരായ കേസ് വരുന്ന സമയത്ത്, സിസ്റ്റർമാരെ പിന്തുണയ്‍ക്കേണ്ടവർ തന്നെ തള്ളി പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങൾ തുറന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റർ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.