കാഞ്ഞങ്ങാട്: സ്കൂൾ കലോത്സവത്തിൽ ഗസലിൽ തുടർച്ചയായ അഞ്ചാം തവണയും എ ഗ്രേഡ് നേടി ദേവികാ സന്തോഷ്. പ്രശസ്ത ഗസൽ ഗായകൻ സലിം കൗസറിന്റെ 'മേ ഖയാൽ ഹൂൻ കിസി ഓർ കാ" എന്നുതുടങ്ങുന്ന ഗസലാണ് ദേവിക പാടിയത്. മറ്റാരുടെയോ സങ്കല്പമാണ് ഞാൻ, എന്നെയോർക്കുന്നതോ വേറൊരാളും. കണ്ണാടിയിലെ പ്രതിബിംബം എന്റേതാണ്. കണ്ണാടിക്ക് പിന്നിലുള്ളയാൾ മറ്റാരോ ആണ് എന്നതാണ് ഗസലിന്റെ രത്നച്ചുരുക്കം.
കണ്ണൂർ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയായ ദേവിക 12 വർഷമായി കർണാടക സംഗീതവും ആറ് വർഷമായി ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നുണ്ട്. ഇതിനൊപ്പം സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ടിൽ മത്സരിച്ച ദേവിക എ ഗ്രേഡും നേടി. തലേശരി സ്വദേശിയായ സന്തോഷ് കുമാറിന്റെയും ഷാന സന്തോഷിന്റെയും മകളാണ് ദേവിക. ഇളയമകൻ ശിവദ് പാനൂർ എച്ച്.എസ്.എസിലെ 8ാം ക്ളാസ് വിദ്യാർത്ഥിയാണ്.