കാഞ്ഞങ്ങാട്: ആൺകുട്ടികൾ കൊട്ടിക്കയറുന്ന തായമ്പക വേദി തൊട്ടു വണങ്ങി പട്ടുപാവാടയുടുത്തൊരു പെൺമണി തോളിൽ ചെണ്ടയുമുടുത്ത് കയറി.ഇടം കൈയ്യിലെ അഞ്ചു വിരലുകളും വലം കൈയിൽ പിടിച്ചൊരു കോലുമായി അവൾ ദ്രുതതാളത്തിൽ കൊട്ടിക്കയറി. മരക്കാപ്പ കടപ്പുറത്തെ ഗവ. ഫിഷറീസ് സ്കൂളിൽ വന്നു ചേർന്ന ആസ്വാദകർ കൈയ്യടിച്ച് ആ മിടുക്കിയെ അഭിനന്ദിച്ചു.
പ്രയാർ ആർ.വി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരിയായ മീരാകൃഷ്ണന്റെ കന്നി സംസ്ഥാന കലോത്സവമാണിത്. പക്ഷേ, ചെണ്ടയുമായി അവൾ വേദിയിലെത്തുന്നത് ആദ്യമായല്ല. പേരു കേട്ട ചെണ്ട വിദ്വാന്മാരുടെ അഞ്ചാം തലമുറയിലെ കണ്ണി. അച്ഛൻ പ്രശസ്ത ചെണ്ടവിദ്വാൻ ഡോ.കണ്ടലൂർ ഉണ്ണിക്കൃഷ്ണൻ. അഞ്ചാം വയസിൽ ചെണ്ടയിൽ അരങ്ങേറ്റം.ശേഷം അച്ഛനൊപ്പം മേളം പെരുക്കി. കഥകളിക്ക് പിന്നണിയിലെ താളമായി. നടൻ ജഗന്നാഥ വർമ്മയ്ക്കൊപ്പം നാട്ടിലെ എസ്.എൻ. പബ്ളിക് സ്കൂളിൽ വച്ച് ചെണ്ടമേളം അവതരിപ്പിച്ചത് മീരയുടെ മറക്കാനാകാത്ത അനുഭവം. ഡോ.കണ്ടലൂർ ഉണ്ണിക്കൃഷ്ണനാണ് ജഗന്നാഥ വർമ്മയെ ചെണ്ട അഭ്യസിപ്പിച്ചത്.
കായംകുളം പുതുപ്പള്ളി വലിയവീട്ടിൽ ഒരാൾ കൂടിയുണ്ട് ചെണ്ടയിൽ കേമൻ. മീരയുടെ ജ്യേഷ്ഠൻ ഹരികൃഷ്ണൻ. പത്തിലും പ്ളസ്ടുവിലും ചെണ്ടയിൽ സംസ്ഥാന കലോത്സവത്തിൽ വിജയിച്ച ക്രെഡിറ്റുണ്ട്. അമ്മ മീന.