കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തെ അടുത്ത അദ്ധ്യയനവർഷം മുതൽ ഗ്രാമോത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവങ്ങൾ ഏഷ്യയിലെ ഏറ്റവും വലിയജനകീയ ഉത്സവമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങ് ഐങ്ങോത്തെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അക്കാഡമിക് മേഖലകളിൽ മാത്രമല്ല അക്കാഡമിക് ഇതര മേഖലകളിലും ജനകീയത കൈവരണം. ചെറിയ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അടുത്തതവണത്തെ കലോത്സവം കൊല്ലത്ത് നടക്കുമ്പോൾ ഇവ പരിഹരിക്കണം- മന്ത്രി പറഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലയിലെ എം.എൽ.എമാർ, സിനിമാതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജാ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമിക് എ.ഡി.പി.ഐ സി.എ സന്തോഷ് കലോത്സവ ജേതാക്കളെ പ്രഖ്യാപിച്ചു. മത്സരാർത്ഥികൾക്ക് ഭക്ഷണമൊരുക്കിയ പഴയിടം മോഹനൻ നമ്പൂതിരിയെ മന്ത്രി ആദരിച്ചു. കലോത്സവത്തിനായി ഐങ്ങോത്ത് മൈതാനം സൗജന്യമായി വിട്ടുനൽകിയ പ്രവാസി വ്യവസായി ചന്ദ്രശേഖരനുള്ള ഉപഹാരം അദ്ദേഹത്തിന്റെ ഭാര്യ ഏറ്റുവാങ്ങി. സബ് കളക്ടർ അരുൺ കെ.വിജയൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ എൽ.സുലൈഖ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയർമാൻ എം.നാരായണൻ നന്ദിയും പറഞ്ഞു.