heavy-rains

ചെന്നെെ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരണം 20ആയി. മേട്ടുപ്പാളയത്ത് നാടൂർ ഗ്രാമത്തിൽ വീടുകൾ ഇടിഞ്ഞ് 12 പേർ മരിച്ചു. നാലു വീടുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. രണ്ടു ദിവസമായി തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്രാസ്, അണ്ണാ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

അതേസമയം,​ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തുമായി രണ്ട് ന്യൂനമർദ്ദങ്ങൾ രൂപംകൊണ്ടതു കാരണം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴ ശക്തിപ്പെടാനും ഇടയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.