ആലപ്പുഴ: ഭക്ഷണം രുചികരമെന്നതിനൊപ്പം സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷണം കഴിച്ച് ആരോഗ്യമില്ലാതാകുന്ന അവസ്ഥയാണ് പുതിയ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഫുഡ് സേഫ്റ്റി അസി.കമ്മിഷണർ എൻ.പി.മുരളി പറഞ്ഞു. കേരളകൗമുദി ആലപ്പുഴ യൂണിറ്റും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ആലപ്പുഴ ടി.ഡി ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സുരക്ഷിത ഭക്ഷണം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫുഡ് സേഫ്ടി ഓഫീസർ എം.ജിഷരാജ് ക്ലാസെടുത്തു. മുളക്, മല്ലി, മഞ്ഞൾ പൊടികൾ വ്യാജമാണോയെന്ന് കണ്ടെത്താനുള്ള സൂത്രവിദ്യ ജിഷ രാജ് കുട്ടികളെ പഠിപ്പിച്ചു. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരുസ്പൂൺ പൊടി ഇട്ടാൽ, മായമില്ലെങ്കിൽ ഇത് പൂർണമായും വെള്ളത്തിനടിയിൽ കിടക്കും. മായം ചേർത്തതാണെങ്കിൽ നിറം വെള്ളത്തിൽ കലരും. ഇത്തരത്തിൽ പാലും മറ്റ് ഇനങ്ങളും പരിശോധിക്കുന്ന വിവരങ്ങളും ജിഷ കുട്ടികൾക്ക് പകർന്നു നൽകി. അദ്ധ്യാപിക വിജയാംബിക ഷേണായി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ രാഘവപ്രഭു സ്വാഗതവും അദ്ധ്യാപിക ഛായ നന്ദിയും പറഞ്ഞു.
നല്ല ഭക്ഷണമാണോ കടകളിൽ നിന്ന് ലഭിക്കുന്നതെന്ന് ചിന്തിക്കാനോ അറിയാനോ പരിശോധിക്കാനോ നമ്മൾ തയ്യാറാകുന്നില്ല. കടകളിൽ എങ്ങനെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും വൃത്തിയുള്ള പാത്രത്തിലാണോ നൽകുന്നതെന്നും അറിയാൻ ശ്രമിക്കണം. സംശയമുണ്ടെങ്കിൽ ധൈര്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാൻ തയ്യാറാകണം. മികച്ച ഭക്ഷണ ക്രമീകരണത്തിലൂടെ ഒട്ടെറെ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. ചികിത്സയ്ക്കു പകരം രോഗ പ്രതിരോധ പ്രവർത്തനങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.