culprits

ഹൈദരാബാദ്: തെലങ്കാനയിലെ ഷംഷാബാദിൽ ലേഡി വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ പ്രതികൾക്കെതിരെ അവരുടെ അമ്മമാരും രംഗത്ത്. തങ്ങളുടെ മക്കളായ പ്രതികൾക്ക് എന്ത് ശിക്ഷ വേണമെങ്കിലും നൽകാമെന്നും തങ്ങൾക്കും പെൺകുട്ടികൾ മക്കളായി ഉണ്ടെന്നുമാണ് ഈ അമ്മമാർ പ്രതികരിച്ചിരിക്കുന്നത്. 'അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തുകൊള്ളൂ, എനിക്കും ഒരു പെൺകുട്ടി മകളായി ഉള്ളതാണ്.' ഇങ്ങനെയാണ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളിൽ ഒരാളായ ചെന്നകേശവുലുവിന്റെ അമ്മ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പ്രതികളുടെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് എത്രയും വേഗം തക്കതായ ശിക്ഷ നൽകുന്നതിന് വേണ്ടിയാണിത്. അതേസമയം മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കേസിലെ ഇരയുടെ കുടുംബം താമസിക്കുന്ന ഹൗസിംഗ് കോളനിയിൽ പ്രവേശിക്കുന്നതിൽ നിന്നും അവിടുത്തെ റസിഡൻസ് അസോസിയേഷൻ വിലക്കിയിട്ടുണ്ട്. കോളനിയുടെ പ്രധാന ഗേറ്റ് അകത്തുനിന്നും പൂട്ടിക്കൊണ്ടാണ് കോളനിവാസികൾ ഇവരെ പ്രതിരോധിക്കുന്നത്. 'സഹതാപം വേണ്ട, നീതി മതി' എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും ഇവർ ഗേറ്റിൽ തൂക്കിയിട്ടുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഹൈദരാബാദ് പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ശരീരം തീവയ്ക്കാനായി പ്രതികൾക്ക് പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിനെതിരെയും കേസ് ചാർജ് ചെയാനുള്ള വകുപ്പുകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കുപ്പിയിൽ പെട്രോൾ നൽകാനുള്ള അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉത്പന്ന വിൽപ്പനക്കാർ പറയുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. ഷംഷാബാദിനരികിലുള്ള ടോൾ പ്ലാസയ്ക്ക് സമീപം രാത്രി ഒറ്റപ്പെട്ടുപോയ യുവതിയെ ലോറി തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ,ചിന്നക്കൊണ്ട ചെന്നകേശവുലു, മുഹമ്മദ് ആരീഫ് എന്നിവർ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം തീവച്ചത്.