തൃശൂർ: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 60ാളം മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിണിയാൾ. തമിഴ്നാട് വില്ലുപുരം വാന്നൂർ കോട്ടക്കരയിൽ ശരവണൻ (54) ആണ് അറസ്റ്റിലായത്. ഭാര്യാപിതാവിനെയും ഭാര്യാസഹോദരിയുടെ 13 വയസുള്ള മകളെയും പഞ്ചാമൃതത്തിൽ സയനൈഡ് നൽകിയാണ് ശരവണൻ കൊലപ്പെടുത്തിയത്. പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം പോണ്ടിച്ചേരിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീർക്കാൻ ശരവണൻ കണ്ടെത്തിയ മാർഗമായിരുന്നു സയനൈഡ്. സ്വർണപ്പണിക്കാരനായതിനാൽ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷമാണ് പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി നൽകിയത്.
സയനൈഡ് കൊലക്കേസിൽ 2002ലാണ് ശരവണൻ പൊലീസ് പിടിയിലായത്. കേസിൽ 2018ലാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയത്. ശേഷം കവർച്ച നടത്തി വിലസുമ്പോഴാണ് ഇയാൾ കേരള പൊലീസിന്റെ പിടിയിലായത്. വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസിൽ സഞ്ചരിച്ച് തൃശൂർ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു രീതി.
കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഒഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തി. മുടിക്കോട്, പേരാമംഗലം, വിയ്യൂർ, മണ്ണാർക്കാട് കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലായി 15 ക്ഷേത്രമോഷണങ്ങളും നടത്തിയിരുന്നു. മോഷണ ശേഷം ഇയാൾ പോണ്ടിച്ചേരി വീട്ടിലെത്തുന്നത് പതിവായിരുന്നെന്നും പൊലീസ് പറയുന്നു.