
വയനാട്: ബത്തേരി താലൂക്ക് ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന സുനിത പാമ്പ് ശല്യം കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഭർത്താവ് അശോകൻ എട്ട് മാസം മുമ്പ് അപകടത്തിൽ മരിച്ചു. പ്ലസ്‌വൺ വിദ്യാർത്ഥിനിയായ നന്ദനയ്ക്കും പ്ലസ്‌ടു വിദ്യാർത്ഥിയായ പവനുമൊപ്പം നാലര സെന്റിലെ വീട്ടിലായിരുന്നു ഇവരുടെ താമസം.
മൂർഖൻ മുതൽ വെള്ളക്കെട്ടൻ വരെയാണ് പീട്ടിലെത്തുന്നത്. 15 എണ്ണം വരെ വന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിനെ പിടിച്ച് പുറത്ത് കളയുമ്പോഴായിരിക്കും അടുത്തത് ഇഴഞ്ഞെത്തുക. കഴിഞ്ഞദിവസം നന്ദന വീടിന് മുന്നിൽ നിൽക്കുമ്പോൾ വീടിന്റെ തറയോട് ചേർന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് പോകാൻ നോക്കുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെ കണ്ടു. ഉടൻ വാലിൽ പിടിച്ച് വലിച്ചു. ഒറ്റയ്ക്ക് തന്നെ പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി. സുനിത വരുമ്പോൾ കണ്ടത് പ്ലാസ്റ്റിക് കുപ്പിയിൽ പാമ്പിനെ ഇട്ട് ഇരിക്കുന്ന മകളെയാണ്.
മൂന്ന്‌വർഷം മുമ്പാണ് വീട്ടിൽ പാമ്പുകളെത്തിത്തുടങ്ങിയത്. ഇതുവരെ ഒരു പാമ്പിനെപ്പോലും ഇവർ കൊന്നിട്ടില്ല. പാമ്പുകൾ വീട്ടിലാരെയും കടിച്ചിട്ടില്ലെന്ന് നന്ദന പറയുന്നു. അതേസമയം,ആ പേടി ഇവരുടെ ഉള്ളിലുണ്ട്. ബത്തേരി നഗരസഭാ അദ്ധ്യക്ഷൻ ടി.എൻ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവരുടെ വീട്ടിലെത്തിയിരുന്നു. പാമ്പുകളെത്തുന്ന ഈ വീട്ടിൽ താമസിക്കരുതെന്നും, പുതിയ വീടിനായി സഹായംഅനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. സുമനസുകളുടെ സഹായം ഉണ്ടെങ്കിലേ ഈ കുടുംബത്തിന് സമാധാനത്തോടെ ജീവിക്കാൻ പറ്റുകയുള്ളു.