nirmala-seetharaman

ന്യൂഡൽഹി: ബജാജ് ഓട്ടോ ചെയർമാൻ രാഹുൽ ബജാജുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സംവാദത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉത്തരങ്ങൾ തേടുന്നത് എപ്പോഴും ശരിയായ വഴി തന്നെയാണെന്നും, ശരിയാണെന്ന ധാരണയിൽ സ്വന്തം അഭിപ്രായം പ്രചരിപ്പിക്കുന്നതിനേക്കാൾ ഭേദമാണ് അതെന്നുമാണ് നിർമല ട്വിറ്ററിൽ കുറിച്ചത്. ചോദ്യങ്ങളും വിമർശനങ്ങളും കേൾക്കുകയാണ് സംവാദത്തിനിടെ ഉണ്ടായതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ ട്വീറ്റിനൊപ്പം രാഹുൽ ബജാജും അമിത് ഷായും തമ്മിൽ ഇക്കണോമിക് ടൈംസ് അവാർഡ് ദാന ചടങ്ങിൽ വച്ചുനടന്ന സംവാദത്തിന്റെ വീഡിയോയും നിർമല സീതാരാമൻ പങ്കുവച്ചിട്ടുണ്ട്.

Home Minister @AmitShah answers on how issues raised by Shri. Rahul Bajaj were addressed. Questions/criticisms are heard and answered/addressed. Always a better way to seek an answer than spreading one’s own impressions which, on gaining traction, can hurt national interest. https://t.co/WytSpyRyP6

— Nirmala Sitharaman (@nsitharaman) December 1, 2019

മുംബയിൽ നടന്ന അവാർഡ് ചടങ്ങിനിടെ 'രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം' നിലനിൽക്കുന്നു എന്ന വിമർശനമാണ് ബജാജ് ഗൂപ്പ് തലവൻ കേന്ദ്ര മന്ത്രി അമിത് ഷായോട് ഉന്നയിച്ചത്. പലരും സർക്കാരിനെ വിമർശിക്കാൻ മടിക്കുകയാണെന്നും വിമർശനങ്ങൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധരല്ല എന്ന ധാരണയാണ് പൊതുവെ ഉള്ളതെന്നുമാണ് രാഹുൽ ബജാജ് കുറ്റപ്പെടുത്തിയത്. ആ സമയം വേദിയിൽ അമിത് ഷായോടൊപ്പം കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയലും നിർമല സീതാരാമനും സന്നിഹിതരായിരുന്നു. ജനാധിപത്യ മൂല്യങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് രാഹുൽ ബജാജിന്റെ ചോദ്യങ്ങളെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് സുരിയും അഭിപ്രായപ്പെട്ടു.

മുൻകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം നരേന്ദ്ര മോദി സർക്കാർ തിരുത്തിയെന്നും ഇനി ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദ്യത്തോട് പ്രതികരിച്ചത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ നന്നാക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെല്ലാം അവസാനിച്ചിരിക്കുകയാണെന്നും ഇനി നല്ല കാലമാണ് മുൻപിലുള്ളതെന്നും(ആഗേ അച്ചാ സമയ് ആയേഗാ)​ അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിൽ നിന്നും രാജ്യം കരകയറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായരംഗത്തുള്ളവർ അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.