lissy-vadakkel

കൊച്ചി: കന്യാസ്ത്രീയെ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കേസിൽ തന്റെ മേൽ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കേസിലെ മുഖ്യ സാക്ഷി സിസ്റ്റർ ലിസി വടക്കേൽ. ഫോണിലൂടെയും നേരിട്ടുമാണ് മൊഴി മാറ്റാനായി തന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് സിസ്റ്റർ പറയുന്നത്. താൻ ജീവിക്കുന്നത് സമ്മർദ്ദങ്ങളുടെയും ഒറ്റപ്പെടലിന്റെയും നടുവിലാണെന്നും തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സിസ്റ്റർ ലിസി വടക്കേൽ വെളിപ്പെടുത്തി. മുൻ ബിഷപ്പിനെതിരെ മൊഴി നൽകിയത് ഉറച്ച ബോധ്യത്തോടെയാണെന്നും ആ മൊഴിയിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും ഒരു കാരണവശാലും താൻ മൊഴി മാറ്റി പറയുകയില്ലെന്നും സിസ്റ്റർ പറഞ്ഞു. ഒരു പ്രമുഖ മലയാളം വാർത്താ ചാനലിനോടാണ് സിസ്റ്റർ ലിസി ഇക്കാര്യങ്ങൾ പറഞ്ഞത്.

കേസിലെ വിചാരണ എത്രയും പെട്ടെന്ന് നടത്തേണ്ടതാനും സിസ്റ്റർ അഭിപ്രായപ്പെട്ടു. ബിഷപ്പിനെതിരെ ഒന്നും പറയരുതെന്നും അത് സഭയ്ക്ക് ദോഷം ചെയ്യും എന്നും മറ്റും പറഞ്ഞാണ് 'ചില സഹോദരങ്ങളും സഹോദരിമാരും" തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. സിസ്റ്റർ പറയുന്നു. തന്റെ ഇവാഞ്ചലൈസേഷൻ ടീമിലുള്ള ചിലരാണ് ഫോൺ വഴിയും മറ്റും ഇത്തരം നിർദേശങ്ങൾ നൽകുന്നതെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി. മറ്റൊരു സ്ത്രീ തന്നോട് ഫ്രാങ്കോയ്ക്കെതിരെ നൽകിയ മൊഴി മാറ്റി പറയണമെന്നും താൻ ഒരു ആവേശത്തിൽ അങ്ങനെ പറഞ്ഞുപോയതാണെന്നും കോടതിയിൽ പറയണം എന്ന് പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ സഭയ്ക്ക് ആകമാനം നാണക്കേട് ഉണ്ടാക്കും എന്നും ഇവർ പറഞ്ഞതായി സിസ്റ്റർ പറയുന്നു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാൻ ഏതാനും കന്യാസ്ത്രീകൾ ശ്രമിക്കുന്നതായും സിസ്റ്റർ പറഞ്ഞു.