മുംബയ്: സുഹൃത്തിനോട് സംസാരിച്ചുവെന്ന കാരണം പറഞ്ഞുകൊണ്ട് കാമുകിയെ മുഖത്തടിച്ച് കൊലപ്പെടുത്തി കാമുകൻ. മുംബയിലെ മാൻഖുർദ് ലോക്കൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സീത പ്രധാൻ എന്ന 35കാരിയാണ് രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മാൻഖുർദ് റെയിൽവേ സ്റ്റേഷനിൽ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന കാമുകന്‍ രാജു നേരെ ചെന്ന് സീതയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് ഉടൻതന്നെ അപസ്മാര സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നിലവിൽ സീതയുടേത് അപകടമരണം എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്തെന്ന് അറിയാനാകൂ എന്ന നിലപാടിലാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മാൻഖുർദ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ നിഥിൻബോബ്ദെ പറഞ്ഞു. മാൻഖുർദ് സ്റ്റേഷനടുത്തുള്ള ചേരിപ്രദേശത്ത് ഏറെ നാളുകളായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു സീതയും രാജുവും. എന്നാൽ ശനിയാഴ്ച വീട്ടിൽ തിരിച്ചെത്താതിരുന്ന സീത സ്റ്റേഷനടുത്ത് ഒരാളോട് സംസാരിച്ച് നില്കുന്നത് കണ്ട രാജു അതിൽ പ്രകോപിതനായാണ് യുവതിയെ മർദിച്ചത്.