shobha-surendran

കൊച്ചി: മിസോറാം ഗവർണറായി പി.ശ്രീധരൻ പിള്ള ചുമതലയേറ്റതിനു ശേഷം ബി.ജെ.പി അദ്ധ്യക്ഷ സ്ഥാന പദവി ഒഴിഞ്ഞു കിടക്കുകയാണ്. പാർട്ടിയിൽ ഇരു ഗ്രൂപ്പുകളും തമ്മിൽ അദ്ധ്യക്ഷനായുള്ള വടംവലി ശക്തമായിരിക്കുകയാണ്. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പുതിയ ആളെ കണ്ടെത്താൻ ദേശീയ നേതൃത്വം കുഴങ്ങിയിരുന്നു.

2018 മേയിൽ കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതിന് ശേഷം ജൂലായിൽ ശ്രീധരൻപിള്ള അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മാത്രമല്ല ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശങ്ങൾക്കിടയിലാണ് കേന്ദ്രം കുമ്മനത്തെ മിസോറാമിലേക്കയച്ചത്. സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ അതിപ്രസരം എങ്ങനെ തടയാമെന്ന ആലോചനയിലാണ് ദേശീയാദ്ധ്യക്ഷൻ അമിത് ഷാ. എന്നാൽ,​ ഇരു ഗ്രൂപ്പുകളിലുമില്ലാത്ത ശോഭാ സുരേന്ദ്രന് നറുക്കു വീഴാനും സാദ്ധ്യതയുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

kummnam

ചർച്ചകളിൽ ശോഭാ സുരേന്ദ്രന്റെ പേരും മുഴങ്ങിക്കേൾക്കുന്നുണ്ട്. കൃഷ്ണദാസ് പക്ഷവും മുരളീധരൻ വിഭാഗവും തങ്ങളുടെ ആളുകൾക്കുവേണ്ടി കടുത്ത സമ്മർദമാണ് ദേശീയ നേതൃത്വത്തിനുമേൽ ചെലുത്തുന്നത്. എ.എൻ. രാധാകൃഷ്ണൻ അല്ലെങ്കിൽ എം.ടി. രമേശ് എന്ന് കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രൻ മതിയെന്ന് മുരളീധരൻ വിഭാഗവും ശക്തമായി വാദിക്കുന്നു. പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരെപ്പോലെ ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവിനായുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. അത് ശോഭാസുരേന്ദ്രന് അനുകൂലമായേക്കുമെന്ന് കരുതുന്നവരുമുണ്ട്.

കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക പരിഗണനയുടെ ഭാഗമായാണ് പാർട്ടി അംഗത്വ ക്യാമ്പെയിന്റെ ദക്ഷിണേന്ത്യയിൽനിന്നുള്ള കോ-കൺവീനറായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചത്. അതേസമയം,​ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി,​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകളും ശോഭ സുരേന്ദ്രനൊപ്പം കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സുരേഷ് ഗോപിയുമായി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തിയത് ഈയടുത്താണ്.

suresh-gopi

സംസ്ഥാന അദ്ധ്യക്ഷനാവാനുള്ള താത്പര്യക്കുറവ് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു. കെ.സുരേന്ദ്രനെ അദ്ധ്യക്ഷനാക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യക്കുറവില്ല എന്നും ഇടയ്ക്ക് പാർട്ടിയിൽ ചർച്ചകളുണ്ടായിരുന്നു. എന്നാൽ,​ അദ്ധ്യക്ഷപദത്തിൽ ഒരു വനിത എത്തുന്നത് സംസ്ഥാനത്തു പാർട്ടിക്ക് ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമാകുന്നത്. തമിഴ്‌നാട്ടില്‍ തമിളിശൈ സൗന്ദര്യരാജനാണ് സംസ്ഥാന അദ്ധ്യക്ഷപദത്തിൽ ഉണ്ടായിരുന്നത്. അവർ തെലങ്കാന ഗവർണർ ആയതോടെ അദ്ധ്യക്ഷപദത്തിൽ എവിടെയും വനിതകളില്ല. ഈ സാഹചര്യവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ കാഴ്ചവച്ച മികച്ചപ്രകടനവും അവർക്കുള്ള പിന്തുണ വർദ്ധിപ്പിക്കുന്നു.