തിരുവനന്തപുരം: സഹപ്രവർത്തകയുടെ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്.ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയിൽ കീഴടങ്ങിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സജീവ് കുമാർ, അവിടെത്തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ എട്ടാം ക്ലാസുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ സജീവ് കുമാറിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്.