china

കൊച്ചി: പൊതുജനത്തിന് കനത്ത തിരിച്ചടിയുമായി വൊഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവ പ്രഖ്യാപിച്ച പ്രീ-പെയ്ഡ് കാൾ, ഡേറ്റ നിരക്കുവർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ. 47 ശതമാനം വരെയാണ് വർദ്ധന. റിലയൻസ് ജിയോ പ്രഖ്യാപിച്ച 40 ശതമാനം വർ‌ദ്ധന ഡിസംബ‌ർ ആറിന് നടപ്പാകും. നാലുവർഷങ്ങൾക്ക് മുമ്പ് ജിയോയുടെ പിറവിയോടെ, കുത്തനെ ഇടിഞ്ഞ നിരക്കുകളാണ് ഇപ്പോൾ കൂട്ടുന്നത്.

സൗജന്യ കാളുകളും അൺലിമിറ്റഡ് ഡേറ്റയും വാഗ്‌ദാനം ചെയ്‌തെത്തിയ ജിയോ, മറ്റു കമ്പനികളുടെ വരുമാനം തകർത്തിരുന്നു.

നിരക്കു വർദ്ധനയ്ക്ക് പിന്നിൽ

 ജിയോയുടെ വരവോടെ വരുമാനത്തിലുണ്ടായ ഇടിവ്

 വൻ കടബാദ്ധ്യത

 കേന്ദ്ര സർക്കാരിന് നൽകേണ്ട എ.ജി.ആർ ബാദ്ധ്യത

വൊഡാഫോൺ - ഐഡിയ

 നിരക്കു വർദ്ധന 20 മുതൽ 42 ശതമാനം

 മറ്റ് നെറ്റുവർക്കുകളിലേക്കുള്ള കാളിന് മിനിട്ടിന് ആറുപൈസ വീതം

 ₹129ന്റെ പാക്കേജിന് ഇനി ₹149 നൽകണം

 ₹199ന്റെ പാക്കേജിന് പുതിയ നിരക്ക് ₹249

 1,699 രൂപയുടെ പാക്കേജിന് ഇനി 2,399 രൂപ മുടക്കണം

ഭാരതി എയർടെൽ

 നിരക്കുവർദ്ധന 42% വരെ

 വിവിധ പ്ളാനുകൾക്ക് വരിക്കാരൻ ദിവസം 50 പൈസ മുതൽ ₹2.85 വരെ അധികം നൽകണം

 ജനകീയമായ ₹199, ₹169 രൂപ പ്ളാനുകൾ മാറ്റി ₹248ന്റെ പാക്കേജ് അവതരിപ്പിച്ചു

 ഏറ്റവും കുറഞ്ഞ പാക്കേജായ ₹35ന്റെ പുതിയ നിരക്ക് ₹49

റിലയൻസ് ജിയോ

 നിരക്കു വർദ്ധന 40% വരെ

 വർദ്ധന ഡിസംബർ ആറിന് പ്രാബല്യത്തിൽ

 പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടില്ല

 ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്താൻ 300 % അധിക ആനുകൂല്യം നൽകും

ബി.എസ്.എൻ.എൽ

നിരക്ക് കൂട്ടുമെന്ന് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചിട്ടുണ്ട്. തീയതിയും പുതിയ പാക്കേജുകളും പിന്നീട്.

117 കോടി

ഇന്ത്യയിൽ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം

32.03%

മൊബൈൽ സേവന രംഗത്ത് 32.03 ശതമാനം വിഹിതവുമായി വൊഡാഫോൺ-ഐഡിയയാണ് ഒന്നാമത്. ജിയോയാണ് രണ്ടാമത് (29.74 ശതമാനം). മൂന്നാമത് എയർടെൽ (28.01 ശതമാനം).