ps-sreedharan-pillai

കോഴിക്കോട്: അച്ചടി മാദ്ധ്യമങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും സാധിക്കില്ലെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ളബ്ബിന്റെ 2018ലെ മീഡിയാ അവാർഡുകൾ വിവരണം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രങ്ങൾക്ക് അപചയം ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. ഇതിന് കാരണക്കാർ വായനക്കാരാണ്.വായനക്കാരുടെ രുചിക്ക് അനുസരിച്ചാണ് പത്രങ്ങൾ നൽകുന്നത്. ജനാധിപത്യ പ്രക്രിയയിൽ ഓരോ കാലത്തും വ്യതിയാനങ്ങൾ ഉണ്ടാവും. അത് പരിഹരിക്കുകയാണ് വേണ്ടത്. വിമർശിക്കുന്നത് കൊണ്ട് പത്രങ്ങളെ ഉപേക്ഷിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല.വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യം. വിമർശകരാണ് വഴികാട്ടികൾ. സ്തുതിപാടുന്നവർ അല്ല.യുവ പത്രപ്രവർത്തകർ ഇന്റർനെറ്റിനെ ആശ്രയിക്കുന്നതിൽ കുറ്റം കാണുന്നില്ല. ഒരു ആധുനികതയെയും എതിർക്കുന്നില്ല.എന്നാൽ ഓരോ പ്രശ്നത്തിന്റെയും അടിവേരുകൾ തേടിപ്പോകാനുള്ള മനസ്ഥിതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ്‌ഖാൻ അദ്ധ്യക്ഷനായി.കെ.യു.ഡബ്ളു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കെ.പ്രേംനാഥ്, പി.വിപുൽനാഥ് എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളായ എ.ടി.മൻസൂർ, ജോഷി കുര്യൻ, അജയ് ബെൻ, റിജോ ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.