padmanabha-swamy-temple

തിരുവനന്തപുരം: നിരീക്ഷണ കാമറകളുടെ തകരാറും പൊലീസുകാരുടെ കുറവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയെ ആശങ്കയിലാക്കുന്നു. മുറജപത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഇപ്പോൾ ക്ഷേത്രത്തിലെത്തുന്നത്. മണ്ഡലകാലവുമായി ബന്ധപ്പെട്ട് ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരും എത്തുന്നുണ്ട്. അതിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ കുറവ് വെല്ലുവിളിയാകുന്നത്.

ക്ഷേത്രത്തിലെ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ അസി. കമ്മിഷണറുടെ നേതൃത്വത്തിൽ സി.ഐമാരും എസ്.ഐമാരും കമാൻഡോ സംഘവുമുൾപ്പെട്ട പ്രത്യേക പൊലീസ് സംഘമാണ് സുരക്ഷാ ചുമതല നിർവഹിക്കുന്നത്. പൊലീസിന്റെ ജോലി ഭാരം കുറയ്ക്കാനും മുഴുവൻ സമയ നിരീക്ഷണത്തിനുമായി 200 ലധികം കാമറകളും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഏതാണ്ട് അമ്പതിലധികം കാമറകൾ അടുത്തിടെ ഇടിമിന്നലേറ്റ് തകരാറിലായി. കാലപ്പഴക്കം മൂലം രണ്ട് ഡസനിലധികം കാമറകൾ നേരത്തെതന്നെ തകരാറിലാണ്. ഇതോടെ ക്ഷേത്ര പരിസരത്തെ കാമറാ നിരീക്ഷണം അവതാളത്തിലായി. ഇതിനുപുറമേ ടെമ്പിൾ സ്റ്റേഷനിൽ അസി. കമ്മിഷണർ പദവിയും ഒഴിഞ്ഞു കിടക്കുകയാണ്. ഈ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതിനെത്തുടർന്ന് പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. പകരം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടമുണ്ടെങ്കിലും ഗ്രേഡ് എസ്.ഐമാരുടെയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുടെയും കുറവ് സുരക്ഷയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്.

കമാൻഡോ സംഘത്തിൽ നിന്നും ഒരു ഡസനോളം പേരെ ഇപ്പോൾ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ആ നിലയിലും ആൾക്ഷാമമുണ്ട്. ഇതുകാരണം ക്ഷേത്ര പരിസരത്ത് പട്രോളിംഗും നിരീക്ഷണവും കാര്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേത്ര പരിസരത്ത് അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നതും സുരക്ഷയൊരുക്കാനും പൊലീസില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ക്ഷേത്ര സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷനുള്ളതിനാൽ തൊട്ടടുത്തുള്ള ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നോ കൺട്രോൾ റൂമിൽ നിന്നോ പകരം പൊലീസുകാർ എത്താറുമില്ല.

കാമറകൾ: 240

തകരാറിൽ: 90

പൊലീസുകാരുടെ കുറവ്

അസി. കമ്മിഷണർ: 1

ഗ്രേഡ് എസ്.ഐ: 14

എസ്.സി.പി.ഒ: 10