റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. തിരഞ്ഞെടുപ്പിൽ ഇനി നാലു ഘട്ടങ്ങൾ ബാക്കിനിൽക്കേ ബി.ജെ.പിയുടെ പ്രധാന വക്താവും യുവനേതാവുമായ പ്രവീൺ പ്രഭാകർ രാജിവച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന എൻ.പി.പിയിൽ ചേർന്ന പ്രഭാകർ, നള നിയമസഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻ.പി.പി) അടുത്തിടെയാണ് ദേശീയ പാർട്ടി പദവി ലഭിക്കുന്നത്.
മഹാരാഷ്ട്രയിൽ സംഭവിച്ചത് മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാൻ ജാർഖണ്ഡിൽ ബി.ജെ.പി കരുതലോടെ മുന്നോട്ടു പോകുന്നതിനിടെയാണ് പ്രവീണിന്റെ അപ്രതീക്ഷിത രാജി.
ജാർഖണ്ഡിലെ നിലവിലെ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ 19 സീറ്റ് ആവശ്യപ്പെട്ടപ്പോൾ മുന്നണിക്ക് തയ്യാറാവാതെ തനിച്ച് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു ബി.ജെ.പി. എൽ.ജെ.പിയും ജെ.ഡിയും എല്ലാം തനിച്ചാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
' പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ, ജാർഖണ്ഡിലെ ബി.ജെ.പിയോട് ചേർന്നു പോകാനാകില്ല. പാർട്ടി ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജാർഖണ്ഡിലെ സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങളുണ്ട്.'
-പ്രവീൺ പ്രഭാകർ
ജാർഖണ്ഡ് വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് പ്രഭാകർ
അഞ്ച് വർഷം മുമ്പാണ് ബി.ജെ.പിയിലെത്തിയത്
അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്
നവംബർ മുപ്പതിനായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്
ഡിസംബർ 20ന് വോട്ടെടുപ്പ് അവസാനിക്കും.
23നാണ് ഫലപ്രഖ്യാപനം.