bindu-ammini

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധനിക്കുന്ന പൊലീസിന്റെ നടപടി നിർത്തിവയ്ക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

യുവതികളെ തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു. സ്ത്രീ പ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നൽകണമെന്നും ഹർജിയിലുണ്ട്. ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചിഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു കോടതി അലക്ഷ്യ ഹർജിയല്ല ഇപ്പോൾ കൊടുത്തിരിക്കുന്നത്.

ജനുവരി 2 എന്ന ദിവസമുണ്ടെങ്കിൽ ശബരിമലയിൽ വീണ്ടും പോയിരിക്കുമെന്നും ബിന്ദു അമ്മിണി നേരത്തേ പറഞ്ഞിരുന്നു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയിൽ എത്തുക എന്നും അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മല ചവിട്ടിയതിന്റെ വാർഷിക ദിനം കൂടിയാണ് ജനുവരി 2. ക്രിസ്മസ് അവധിക്ക് മുമ്പ് തന്നെ ഈ ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വരും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്.