oil

കൊച്ചി: സാധാരണക്കാരന്റെ ബഡ്‌ജറ്ര് താളംതെറ്രിക്കാൻ ഇന്ധനവിലയും വൈകാതെ കുതിച്ചുയർന്നേക്കും. ഉത്‌പാദനം കൂടുതൽ വെട്ടിക്കുറയ്‌ക്കാൻ എണ്ണ ഉത്‌പാദക രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുടെ യോഗം തീരുമാനിച്ച പശ്‌ചാത്തലത്തിൽ ക്രൂഡോയിൽ വില വരും ദിവസങ്ങളിൽ കൂടുമെന്ന് ഉറപ്പായിട്ടുണ്ട്.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്), റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ ഉത്‌പാദക രാജ്യങ്ങൾ എന്നിവയുടെ പെട്രോളിയം മന്ത്രിമാരാണ് കഴിഞ്ഞ ദിവസം വിയന്നയിൽ യോഗം ചേർന്നത്. ക്രൂഡോയിൽ വിലയിടിവ് തടയാനും വിലസ്ഥിരത ഉറപ്പാക്കാനുമായി നിലവിൽ പ്രതിദിന ഉത്‌പാദനത്തിൽ 12 ലക്ഷം ബാരലിന്റെ കുറവ് ഉത്‌പാദക രാജ്യങ്ങൾ വരുത്തിയിട്ടുണ്ട്.

2020ന്റെ ആദ്യ മൂന്നു മാസക്കാലയളവ് മുതൽ ഇത് 16 ലക്ഷം ബാരലിലേക്ക് ഉയർത്താനാണ് തീരുമാനം. ഇത്, വിപണിയിലേക്കുള്ള എണ്ണ വിതരണം കുറയ്ക്കുമെന്നതിനാൽ വില കുത്തനെ കൂടാനിടയാക്കും. ഉത്‌പാദനം കുറച്ച്, വില വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ഒപെക്കും ഒപെക് ഇതര രാഷ്‌ട്രങ്ങളും നടത്തുന്നത്.

ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയിൽ വ്യാവസായിക ഉത്‌പാദനം വർദ്ധിച്ചതിനെ തുടർന്ന്, ഇന്ധന ഡിമാൻഡ് ഉയർന്നതും വില വർദ്ധനയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ക്രൂഡോയിൽ (യു.എസ്. ക്രൂഡ്) വില ബാരലിന് ഇപ്പോൾ 59.20 ഡോളറാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 64.39 ഡോളറും. ഒരാഴ്‌ചയ്ക്കിടെ രണ്ടിനങ്ങൾക്കും അഞ്ചു‌ഡോളറോളം വർദ്ധന ഉണ്ടായിട്ടുണ്ട്.

2020 മുതലാണ് ഉത്‌പാദനം കൂടുതൽ വെട്ടിക്കുറയ്ക്കുന്നതെങ്കിലും തീരുമാനത്തിന്റെ പ്രതിഫലനം ഇപ്പോൾ വിപണിയിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യം മാത്രം ക്രൂഡ് വില ബാരലിന് 1.32 ശതമാനവും ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.58 ശതമാനവുമാണ് ഉയർന്നത്. എണ്ണ വിലക്കുതിപ്പ് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെയാണ് സാരമായി ബാധിക്കുക. നവംബറിൽ പ്രതിദിനം 29.57 മില്യൺ ബാരലുകളാണ് ഒപെക് രാഷ്‌ട്രങ്ങൾ വിപണിയിൽ എത്തിച്ചത്. ഒക്‌ടോബറിനേക്കാൾ 1.10 ബാരലുകൾ കുറവാണിത്.

ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയാണ് ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നത്. ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട വരുമാനം വർദ്ധിപ്പിക്കുക, ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ഓഹരികൾക്ക് മികച്ച സ്വീകാര്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉത്‌പാദനം കുറച്ച് ക്രൂഡ് വില ഉയർത്തുന്നതിലൂടെ സൗദിയുടെ ലക്ഷ്യം. സൗദി ആരാംകോയുടെ പ്രാരംഭ ഓഹരി വില്‌പന (ഐ.പി.ഒ) കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.

റെക്കാഡ് തുകയായ 2,560 കോടി ഡോളറാണ് ഐ.പി.ഒ വഴി ആരാംകോ നേടിയത്. 2014ൽ ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ നേടിയ 2,500 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയായത്.

84.5%

മൊത്തം ഉപഭോഗത്തിന്റെ 84.5 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ക്രൂഡോയിൽ ഉപഭോഗത്തിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്.

4.56 മില്യൺ

ഒക്‌ടോബറിൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത് പ്രതിദിനം 4.56 മില്യൺ ബാരൽ ക്രൂഡോയിൽ.

ഇന്ധനവില

(ഇന്നലത്തെ തിരുവനന്തപുരം വില)

പെട്രോൾ : ₹78.30 (നവംബർ ഒന്നിന് വില ₹76.22)

ഡീസൽ : ₹70.87 (നവംബർ ഒന്നിന് ₹70.80)

നികുതി കുറയ്ക്കില്ല

പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഏറെക്കാലമായി ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ നികുതി പരിഷ്‌കരണം ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. പെട്രോളിന് ലിറ്രറിന് 19.98 രൂപയും ഡീസൽ ലിറ്ററിന് 15.83 രൂപയുമാണ് കേന്ദ്ര എക്‌സൈസ് നികുതി.

ലക്ഷ്യം $75

നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 64 ഡോളറാണ്. ഇത് 75 ഡോളറിലേക്ക് എത്തിക്കുകയും സ്ഥിരത നേടുകയുമാണ് ഉത്‌പാദനം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഒപെക്കിന്റെ ലക്ഷ്യം.

ഉത്‌പാദനക്കുറവ്

എത്രനാൾ നീളും?

2020ന്റെ ആദ്യ ത്രൈമാസക്കാലയളവിൽ പ്രതിദിന ഉത്‌പാദനക്കുറവ് നിലവിലെ 12 ലക്ഷം ബാരലിൽ നിന്ന് 16 ലക്ഷം ബാരലിലേക്ക് ഉയർത്താനാണ് ഒപെക് രാഷ്‌ട്രങ്ങളുടെ തീരുമാനം. 2020 ഡിസംബ‌ർ വരെ വെട്ടിക്കുറയ്ക്കൽ പദ്ധതി നീട്ടുന്നതും ആലോചനയിലുണ്ട്.