ന്യൂഡൽഹി: രണ്ടാംമൂഴം സിനിമയാക്കുന്നതിൽ നിന്ന് വി.എ ശ്രീകുമാർ മേനോനെ തടയണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ സുപ്രീം കോടതിയിൽ ഹർജി നൽകി. സിനിമ ചിത്രീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയാല്‍, തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള തടസ ഹർജിയാണ് അദ്ദേഹം കോടതിയിൽ നൽകിയിരിക്കുന്നത്.
തർക്കം മദ്ധ്യസ്ഥ ചർച്ചയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഒരുക്കമല്ലെന്നും തിരക്കഥ തിരിച്ചു തരണമെന്നുമായിരുന്നു എം.ടിയുടെ തുടക്കം മുതലേയുള്ള നിലപാട്.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നൽകി നാല് വർഷമാകുമ്പോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പരസ്യചിത്ര മേഖലയിൽ നിന്നും സിനിമാസംവിധാന രംഗത്ത് വന്ന ശ്രീകുമാർ തന്റെ ആദ്യ ചിത്രമായ ഒടിയന്റെ ചിത്രീകരണവുമായി ഏർപ്പെടുകയും രണ്ടാമൂഴത്തിന്റെ പ്രാരംഭ നടപടികൾ പോലും തുടങ്ങി വയ്ക്കാത്ത അവസ്ഥയിലുമായി.