കൊച്ചി : ശബരിമലയിൽ സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾക്കു വേണ്ടി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. 2015 ൽ നിശ്ചയിച്ച നിരക്കനുസരിച്ച് ഭക്ഷണ വില ഇൗടാക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവെന്ന് ഹർജിയിൽ പറയുന്നു. പമ്പയിലും സന്നിധാനത്തും കച്ചവടം നടത്താനുള്ള ലൈസൻസിന്റെ ഫീസ് കൂട്ടി. ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിച്ചു. ഇതൊന്നും കണക്കിലെടുക്കാതെയാണ് പഴയ നിരക്കിൽ തുക ഇൗടാക്കാൻ കളക്ടർ ഉത്തരവിറക്കിയത്. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളിലും കോട്ടയം, ആലപ്പുഴ ജില്ലകളിലും ഭക്ഷണത്തിന് കൂടുതൽ വിലയുണ്ട്. ഹോട്ടൽ ഉടമകളുമായി ചർച്ച നടത്താതെയാണ് കളക്ടർ ഏകപക്ഷീയമായി നിരക്കു നിശ്ചയിച്ചത്. തങ്ങൾ സ്പോൺസർ ചെയ്ത ഡീലറിൽ നിന്ന് പാചക വാതക സിലിണ്ടർ എടുക്കാൻ ദേവസ്വം ബോർഡ് നിർബന്ധിക്കുകയാണ്. അംഗീകൃത പാചക വാതക ഡീലറിൽ നിന്ന് സിലിണ്ടർ വാങ്ങാൻ ഹോട്ടലുടമകളെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.