കൊച്ചി : സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.സർക്കാരിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. സംസ്ഥാന സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിമാർക്ക് വിദേശയാത്രയിലാണ് താത്പര്യമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീർക്കണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള നടപടിയുണ്ടായില്ല ഇതിനെതിരെ പരാതിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രന്റെ വിമർശനം.
സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ കോടതി ഉത്തരവുകൾ ഇറക്കുന്നതിൽ അർത്ഥമില്ല. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിമാർക്ക് വിദേശയാത്രകൾക്ക് മാത്രമാണ് താത്പര്യം. സര്‍ക്കാരിന്റെ നടപടികൾ മനുഷ്യത്വമില്ലാത്തതാണ്. സർക്കാർ ബ്യൂറോക്രസിയുടെ തടവിലാണെങ്കിൽ ഒന്നും പറയാനില്ലെന്നും കോടതി വിമർശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു